മലയാളി അഭിഭാഷകനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ ശിപാർശ; നിയമിതനായാൽ ചീഫ് ജസ്റ്റീസ്
Tuesday, May 16, 2023 7:52 PM IST
ന്യൂഡൽഹി: സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മലയാളിയുമായി കെ.വി. വിശ്വനാഥനെയും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രശാന്ത് കുമാർ മിശ്രയെയും സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജീയം ശിപാർശ. ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയിൽ 21-ാം സ്ഥാനത്താണ് ജസ്റ്റീസ് മിശ്ര.
അദ്ദേഹം ഛത്തീസ്ഗഡ് സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് സുപ്രീം കോടതിയിലേക്ക് എത്തുന്നത്. ജസ്റ്റീസ് ദിനേഷ് മഹേശ്വരി, ജസ്റ്റീസ് എം.ആർ.ഷാ എന്നിവർ വിരമിച്ച ഒഴിവിലേക്ക് ഇരുവരെയും ജഡ്ജിമാരാക്കാനാണ് ശിപാർശ.
വിശ്വനാഥൻ കോയമ്പത്തൂർ ലോ കോളേജിൽ നിന്നും ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം സ്വന്തമാക്കി. തമിഴ്നാട്ടിലെ ബാർ കൗൺസിലിൽ എൻറോൾ ചെയ്തു.
2009ൽ മുതിർന്ന അഭിഭാഷകനായി നിയമിതനായി. കൊളീജിയം ശിപാർശ കേന്ദ്രം അംഗീകരിച്ചാൽ ചീഫ് ജസ്റ്റീസാകുമെന്ന് കരുതപ്പെടുന്ന ജസ്റ്റീസ് ജെ.ബി പർദിവാല 2030 ഓഗസ്റ്റിൽ വിരമിക്കുന്ന മുറയ്ക്ക് വിശ്വനാഥൻ ചീഫ് ജസ്റ്റീസാകും. ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റീസ് പദവിയിൽ എത്തുന്ന അടുത്ത മലയാളിയെന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തമാകും. ചീഫ് ജസ്റ്റീസ് പദവിയിൽ അദ്ദേഹത്തിന് ഒമ്പത് മാസം സേവനകാലയളവുണ്ടാകും.
32 വർഷമായി അഭിഭാഷകനാണ് കെ.വി വിശ്വനാഥൻ. സുപ്രധാന കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ് കെ.വി. വിശ്വനാഥൻ.