കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണം: കര്‍ദിനാള്‍ ക്ലീമിസ്
Monday, May 1, 2023 9:57 PM IST
തിരുവനന്തപുരം: കത്തോലിക്കാ സന്യാസത്തെക്കുറിച്ച് തെറ്റിധാരണ പരത്തുന്ന കക്കുകളി നാടകത്തിനെതിരെ കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നാടകത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടു.
നാഴികയ്ക്ക് നാല്പത് പ്രാവശ്യം മതേതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണെന്ന് കര്‍ദിനാള്‍ പ്രസ്താവനയില്‍ അറിയിച്ചു.
ശാരീരികമായി ആക്രമിക്കുന്നതിന് തുല്യമായി സഭ ഇത്തരം നടപടികളെ കാണുന്നു. ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് അറിയുവാന്‍ സഭയ്ക്ക് താല്പര്യമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
നേരിട്ട് കണ്ടും പ്രസ്താവനകളിലൂടെയും സഭയെയും ക്രൈസ്തവ സമൂഹത്തെയും പിന്തുണ അറിയിക്കുന്നവര്‍ ഈ വിഷയത്തില്‍ നടത്തുന്ന ഒളിച്ചുകളി അങ്ങയറ്റം അപലപനീയമാണ്. നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നേരത്തെ തന്നെ നിവേദനം നല്‍കിയതാണ്. ഇത് തമസ്കരിച്ചുകൊണ്ടാണ് നാടകത്തിന് വീണ്ടും പ്രദര്‍ശനാനുമതി നല്‍കിയതെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി.
തങ്ങളുടെ പോഷക സംഘടനകളെ മുന്നില്‍ നിര്‍ത്തി ക്രിസ്തീയ വിശ്വാസത്തെ തകര്‍ത്തുകളയാമെന്നുള്ള വ്യാമോഹം നടക്കില്ല. ഇതര സമുദായങ്ങളെപ്പോലെ തുല്യനീതിക്ക് ക്രൈസ്തവര്‍ക്കും അര്‍ഹതയുണ്ട്.
ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും സൗന്ദര്യമുള്ള ഭാവമാണ് സന്യാസം. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി അവര്‍ നല്കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്കരിക്കുകയും തെറ്റിധാരണ പരത്തുന്ന തരത്തില്‍ കഥകളുണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണ്.
സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും ഈ അജണ്ടയുടെ അര്‍ഥം ഇനിയും മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ക്രൈസ്തവർക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളാണെന്നും പ്രസ്താവനയില്‍ പറയുന്നു.