മതവും രാഷ്ട്രീയവും ബിജെപി കൂട്ടികുഴയ്ക്കുന്നു; പ്രധാനമന്ത്രിക്ക് കെ.സുധാകരന്‍റെ തുറന്ന കത്ത്
മതവും രാഷ്ട്രീയവും ബിജെപി കൂട്ടികുഴയ്ക്കുന്നു; പ്രധാനമന്ത്രിക്ക് കെ.സുധാകരന്‍റെ തുറന്ന കത്ത്
Monday, April 24, 2023 9:37 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. മതവും രാഷ്ട്രീയവും ബിജെപി കൂട്ടികലര്‍ത്തുകയാണെന്ന് കത്തില്‍ വിമര്‍ശിക്കുന്നു.

ചിലരോടൊപ്പം ചിലരുടെ വികസനം എന്ന മുദ്രാവാക്യമാണ് ബിജെപി നടപ്പിലാക്കുന്നത്. ബിജെപിയുടെ മതേതരത്വ വിരുദ്ധ നിലപാടിനെതിരേ കത്തില്‍ രൂക്ഷവിമര്‍ശനമുണ്ട്. മതം അധികാരത്തിന്‍റെ ചവിട്ടുപടിയായി കാണുന്നവര്‍ക്ക് എന്ത് മതേതരത്വമെന്ന് സുധാകരന്‍ ചോദിച്ചു.

കേരളത്തിലെ മുസ്‌ലീം, ക്രിസ്ത്യന്‍ വീടുകളില്‍ ബിജെപിക്കാര്‍ കയറിയിറങ്ങുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്വം തയാറാക്കിയ തിരക്കഥ പ്രകാരമാണ്. ഏറ്റവും ഒടുവില്‍ കേട്ടത് മുസ്‌ലീങ്ങളുടെ വീടുകളിലെ സന്ദര്‍ശനം ഒഴിവാക്കിയെന്നാണ്. കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്നിൽ അധികമുള്ള ഒരു ജനവിഭാഗത്തെ എന്തുകൊണ്ടാണ് മൈത്രീ സന്ദര്‍ശനത്തില്‍നിന്ന് ഒഴിവാക്കിയതെന്ന് വിശദീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കുരിശുമല കയറിയും അരമനകള്‍ കയറിയും ക്രൈസ്തവരുടെ ഇടയിലേക്ക് കടന്നു ചെല്ലുന്ന കേരള നേതാക്കള്‍ അവരെ ശത്രുക്കളായി കാണുന്ന വിചാരധാരയിലെ ചിന്താധാരകളൊക്കെ തെറ്റാണെന്ന് പറയുന്നുണ്ട്. പക്ഷേ കേരളത്തിനു പുറത്ത് വിചാരധാരയിലെ വാക്കും വരികളും അച്ചട്ടായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാണുന്നതെന്നും കത്തില്‍ വിമര്‍ശിക്കുന്നു.


റബറിന് 300 രൂപ വില കേന്ദ്രം തരുമെന്നാണ് ബിജെപിക്കാര്‍ വീടുവീടാന്തരം പ്രചരിപ്പിക്കുന്നത്. റബര്‍ കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും കത്തിൽ പറയുന്നു.

പിണറായിയെ കേന്ദ്ര ഏജന്‍സികള്‍ തൊടില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യപ്രതിയാകേണ്ടയാളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണെന്നും കത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<