കൈക്കൂലി കേസ്: കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍
Monday, March 27, 2023 8:57 PM IST
ബംഗളൂരു: കൈക്കൂലി കേസില്‍ പ്രതിയായ കര്‍ണാടക ബിജെപി എംഎല്‍എ മാഡൽ വിരുപാക്ഷപ്പ അറസ്റ്റില്‍. തുമകുരുവിലെ ക്യാതസാന്ദ്ര ടോള്‍ പ്ലാസയ്ക്കു സമീപത്തുവച്ച് കര്‍ണാടക ലോകായുക്ത പോലീസാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.
നേരത്തെ മുന്‍കൂര്‍ ജാമ്യാപക്ഷേയുമായി വിരുപാക്ഷപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെയാണ് അറസ്റ്റ്. കേസില്‍ ഒന്നാം പ്രതിയായതിന് പിന്നാലെ വിരുപാക്ഷപ്പ ഒളിവില്‍ പോയിരുന്നു.
ലോകായുക്ത പോലീസിന്റെ മിന്നല്‍ റെയ്ഡില്‍ വിരുപാക്ഷപ്പയുടെ മകന്റെ വീട്ടില്‍ നിന്നടക്കം എട്ട് കോടിയിലേറെ രൂപ പിടിച്ചെടുത്തിരുന്നു. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മകന് പ്രശാന്ത് ആണ് കേസിലെ രണ്ടാം പ്രതി.
കെഎസ്ഡിഎല് ചെയര്‍മാനായിരുന്നു വിരുപാക്ഷപ്പ. സ്ഥാനം രാജിവയ്ക്കുന്നതായി മുഖ്യമന്ത്രിക്ക് കത്തയച്ചാണ് വിരുപാക്ഷപ്പ ഒളിവില്‍ പോയത്.