അട്ടപ്പാടിയിൽ കുട്ടികളുമായി കാടുകയറി യുവാവിന്റെ ജീവനൊടുക്കൽ ഭീഷണി
Saturday, March 25, 2023 5:58 PM IST
പാലക്കാട്: അട്ടപ്പാടി അഗളിയിൽ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ ശേഷം യുവാവ് കുട്ടികളുമായി ഉൾക്കാട്ടിലേക്ക് കയറിപ്പോയി. ചിറ്റൂർ ഊരുമൂപ്പനായ ശ്രീകാന്തിനെയും മക്കളെയുമാണ് കാണാതായത്. സംഭവമറിഞ്ഞെത്തിയ ആശാ പ്രവർത്തകർ ഒരു കുട്ടിയെ രക്ഷപ്പെടുത്തി.
കുടുംബപ്രശ്നങ്ങളെത്തുടർന്നാണ് യുവാവ് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെ ചിറ്റൂർ അങ്കണവാടിയിലെത്തിയ ശ്രീകാന്ത്, അഞ്ചും മൂന്നും വയസുള്ള കുട്ടികളുമായി സ്ഥലംവിടുകയായിരുന്നു.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും സംഭവം നടന്നയുടൻ നാട്ടുകാരും ആശാ പ്രവർത്തകരും ചേർന്ന് മൂന്ന് വയസുള്ള കുട്ടിയെ രക്ഷിച്ചതായും അധികൃതർ അറിയിച്ചു. ശ്രീകാന്തിനെയും മൂത്ത കുട്ടിയെയും ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ കൂട്ടിച്ചേർത്തു.