വിഷം നൽകി തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി പാക് ക്രിക്കറ്റർ
Thursday, March 23, 2023 9:50 PM IST
ഇസ്ലാമാബാദ്: വിഷപദാർഥം നൽകി തന്നെ അപായപ്പെടുത്താൻ ചിലർ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റർ ഇമ്രാൻ നസീർ.
തന്റെ കായികജീവിതത്തിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിൽ, ശരീരത്തെ മെല്ലെ തളർത്തുന്ന സ്ലോ പോയിസൺ നൽകി ചിലർ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഓപ്പണിംഗ് ബാറ്ററായിരുന്ന നസീറിന്റെ ആരോപണം.
മെർക്കുറി കുത്തിവച്ച് നാഡികളെയും സന്ധികളെയും ദുർബലമാക്കാൻ ശ്രമം നടന്നെന്നും കഴിഞ്ഞ 10 വർഷമായി സന്ധികളിലെ തളർച്ചയ്ക്ക് ചികിത്സ തേടുകയാണെന്നും നസീർ പറഞ്ഞു. ഭക്ഷണത്തിലൂടെയാണ് വിഷം നൽകിയതെന്ന് കരുതുന്നു. സംഭവത്തിൽ നിരവധി ആളുകളെ സംശയിച്ചു. എങ്കിലും ഇത് ചെയ്ത വ്യക്തിയോട് വിരോധമില്ല.
തന്റെ സമ്പാദ്യം മുഴുവൻ ചികിത്സയ്ക്കായി ചെലവഴിച്ചെന്നും പാക് ടീമിന്റെ മുൻ നായകൻ ഷാഹിദ് അഫ്രീദി മാത്രമാണ് പ്രതിസന്ധി ഘട്ടത്തിൽ തന്നോടൊപ്പം നിന്നതെന്നും നസീർ വെളിപ്പെടുത്തി.
1999 മുതൽ 2012 വരെ നീണ്ടുനിന്ന കരിയറിൽ എട്ട് ടെസ്റ്റുകളിലും 79 ഏകദിനങ്ങളിലുമാണ് നസീർ ദേശീയ കുപ്പായം അണിഞ്ഞത്. 25 അന്താരാഷ്ട്ര ട്വന്റി -20 മത്സരങ്ങളിലും പോരാടിയ താരം റിബൽ ടൂർണമെന്റായ ഇന്ത്യൻ ക്രിക്കറ്റ് ലീഗിലെ(ഐസിഎൽ) ലാഹോർ ബാദ്ഷാസിന്റെ താരമായിരുന്നു.