മുല്ലപ്പെരിയാർ സുരക്ഷിതം; കേന്ദ്ര ജലകമ്മീഷനും മേൽനോട്ടസമിതിയും സുപ്രീംകോടതിയിൽ
Monday, March 20, 2023 5:42 PM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിയും. സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2022 മേയ് ഒൻപതിനാണ് മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തിയത്. കേരളത്തിന്റെയും തമിഴ് നാടിന്റെയും സാങ്കേതിക അംഗങ്ങളും ഈ പരിശോധനയിൽ പങ്കെടുത്തിരുന്നു.
അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് മേൽനോട്ട സമിതിയുടെ ശ്രദ്ധയിൽ ആരും പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് 27-ന് മേൽനോട്ട സമിതി അണകെട്ട് സന്ദർശിക്കും. 28-ന് മേൽനോട്ട സമിതിയുടെ യോഗം ചേരുമെന്നും റിപ്പോർട്ടിൽ പറയുന്നു.