ഫ്രെഡി ചുഴലിക്കാറ്റ്: മരണസംഖ്യ 400 കടന്നു
Friday, March 17, 2023 2:12 AM IST
ലിലോംഗ്വെ: ദക്ഷിണ - കിഴക്കൻ ആഫ്രിക്കയിലെ മലാവിയിലും മൊസാംബിക്കിലും വീശിയടിച്ച ഫ്രെഡി ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 400 കടന്നു. മൊസാംബിക്കിൽ 53 പേരും മലാവിയിൽ 326 പേരുമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ചത്. ചുഴലിക്കാറ്റിന്റെ ഒന്നാം തരംഗത്തിൽ 27 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
ഫെബ്രുവരിയിൽ നാശം വിതച്ച ഫ്രെഡി ചുഴലിക്കാറ്റിന്റെ രണ്ടാം തരംഗമാണ് മേഖലയെ ദുരിതത്തിലാക്കിയത്. ഇരു രാജ്യങ്ങളിലും കടുത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.
700-ലേറെ പേർ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാൽ ജനം ആശങ്കയിലാണ്.
ഓസ്ട്രേലിയൻ തീരത്ത് ജന്മം കൊണ്ട ഫ്രെഡി ചുഴലിക്കാറ്റ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ദക്ഷിണഭാഗം പിന്നിട്ട് മഡഗാസ്കറിൽ എത്തിയ ശേഷമാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണമേഖലയിൽ ആഞ്ഞടിച്ചത്. ചുഴലിക്കാറ്റുകളുടെ ദിശാസഞ്ചാരപ്രക്രിയയിൽ അപൂർവമായ രീതിയിൽ, ലൂപ്(ചാക്രിക ചലനം) കണക്കെ മഡഗാസ്കറിലേക്ക് തിരികെ സഞ്ചരിച്ച ഫ്രെഡി ചുഴലിക്കാറ്റ് വീണ്ടും ആഫ്രിക്കയിലേക്ക് എത്തുകയായിരുന്നു.