മധ്യപ്രദേശിൽ മലയാളി വിദ്യാർഥികളെ മർദിച്ച സംഭവം: ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ്
Monday, March 13, 2023 3:32 PM IST
ന്യൂഡൽഹി: മധ്യപ്രദേശിലെ അമർകാന്ത് സർവകലാശാലയിൽ മലയാളി വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്. സഭാ നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കൊടിക്കുന്നിൽ സുരേഷും ടി.എൻ. പ്രതാപനും നോട്ടീസ് നൽകി.
മധ്യപ്രദേശിൽ നടന്നത് വംശീയ ആക്രമണമാണെന്നും രാജ്യത്തെ കലാലയങ്ങളിൽ ജാതീയ-വംശീയ വിവേചനങ്ങൾ വർധിച്ചു എന്നും പ്രമേയ നോട്ടീസില്‍ എംപിമാർ അറിയിച്ചു.
ഞായറാഴ്ചയാണ് അമർകാന്ത് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിലെ (ഐജിഎൻടിയു) നാല് മലയാളി വിദ്യാർഥികളെ സുരക്ഷാജീവനക്കാർ ക്രൂരമായി മർദിച്ചത്. സർവകലാശാല കവാടത്തിലെ കുടിവെള്ളസംഭരണിയുടെ ചിത്രം പകർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
പരിക്കേറ്റ വിദ്യാർഥികളെ അനൂപ്പുർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് സർവകലാശാല വക്താവ് വിജയ് ദീക്ഷിത് പറഞ്ഞു.