റെയിൽവേ കോഴ; ലാലു പ്രസാദ് യാദവിനെതിരേ തെളിവുകളുണ്ടെന്ന് ഇഡി
Sunday, March 12, 2023 11:10 AM IST
ന്യൂഡൽഹി: ആർജെഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയും റെയിൽവേ മുൻ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രതിയായ റെയിൽവേ നിയമന അഴിമതിക്കേസിൽ തെളിവുകള്‍ കിട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ലാലു പ്രസാദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 600 കോടി രൂപയുടെ അഴിമതി നടന്നതായി തെളിവുകൾ കിട്ടിയെന്നും അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെടുത്തതായും ഇഡി അറിയിച്ചു.
ലാലു പ്രസാദിന്റെ മക്കളുടെ വീടുകൾ ഉൾപ്പടെ 24 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ ലാലുവിനെ കഴിഞ്ഞദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു.
കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് കോഴവാങ്ങി റെയില്‍വേയില്‍ ജോലി നല്‍കിയെന്നാണ് ലാലുവിനെതിരായ കേസ്.