"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
Friday, February 3, 2023 6:18 PM IST
കൊച്ചി: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞ നടപടിയെ വിമർശിച്ച് സീറോ മലബാർ സഭാ അല്മായ ഫോറം രംഗത്ത്.
ക്രൈസ്തവ സമുദായങ്ങളെ വിശ്വാസത്തിലെടുക്കാതെ സർക്കാർ നടപടിയുണ്ടായത്. ഒരു സമുദായം തന്നെ വർഷങ്ങളായി ഒരേ വകുപ്പ് കൈകാര്യം ചെയ്യുന്ന നിലപാട് കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്നതല്ല.
ക്രൈസ്തവർ നേരിടുന്ന പല വിഷയങ്ങളിലും സംയമനം പാലിച്ചത് നിസംഗതയും നിഷ്ക്രിയത്വവുമായി കണ്ട് ഈ സമുദായത്തോട് എന്തുമാകാം എന്ന അവസ്ഥ ഇനിയും അനുവദിക്കാനാവില്ലെന്നും അല്മായ ഫോറം വിലയിരുത്തി.
സംസ്ഥാനത്തെ മന്ത്രിസഭകളിൽ പാലൊളി മുഹമ്മദ് കുട്ടി തൊട്ട് വി. അബ്ദുറഹ്മാൻ വരെ ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ടു മുന്നണികളുടെയും സർക്കാരുകളിൽ ഭരിച്ചത് ഒരേ മത വിഭാഗത്തിൽപ്പെട്ടവർ തന്നെയാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
നിലവിലെ മന്ത്രിസഭയിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്നു ന്യൂനപക്ഷക്ഷേമ വകുപ്പ് സമ്മർദ്ദതന്ത്രങ്ങളുടെ ഫലമായി വി. അബ്ദുറഹ്മാന് കൈമാറിയിരിക്കുകയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാനുള്ള ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ മാർച്ചിൽ സമർപ്പിക്കുന്ന റിപ്പോർട്ട് അട്ടിമറിക്കാനുള്ള ശ്രമമാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഒരു മത വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നുവെന്നത് വകുപ്പ് രൂപീകരണം മുതൽ കേൾക്കുന്ന വിമർശനമാണ്. ന്യൂനപക്ഷക്ഷേമ വകുപ്പ് ക്രൈസ്തവ സമുദായത്തിന് അർഹതപ്പെട്ട ക്ഷേമപദ്ധതികൾ നിരന്തരം അട്ടിമറിക്കുന്നതും ഒരു പ്രത്യേക മത സംവരണമായി തുടരുന്നു എന്നതും നീതികരിക്കാനാവാത്തതാണെന്നും അൽമായ ഫോറം പ്രസ്താവനയിൽ വ്യക്തമാക്കി.