കണ്ണൂരിൽ കത്തിയ കാറിൽ പെട്രോൾ കുപ്പി
Friday, February 3, 2023 6:10 PM IST
കണ്ണൂർ: ഓടുന്ന കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കാറിനുള്ളിൽ കുപ്പിയിൽ സൂക്ഷിച്ച നിലയിൽ രണ്ട് കുപ്പി പെട്രോൾ ഉണ്ടായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി.
കത്തിയ കുപ്പിക്കുള്ളിൽ നിന്നും പെട്രോളിന്റെ അംശം ഉൾപ്പടെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം വാഹനം വിശദമായി പരിശോധിക്കും.
വ്യാഴാഴ്ച രാവിലെ 10.48 ഓടെയാണ് കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിയത്. കാറിന്റെ മുൻസീറ്റിൽ യാത്ര ചെയ്തിരുന്ന കുറ്റ്യാട്ടൂർ ഉരുവച്ചാല്‍ താമരവളപ്പില്‍ വീട്ടില്‍ പി.വി. പ്രജിത്ത് (34), ഭാര്യ കെ.കെ. റീഷ (26) എന്നിവരാണു മരിച്ചത്.
കാറിന്റെ പിന്നിൽ ഇരുന്ന മരിച്ച ദമ്പതികളുടെ മകൾ ശ്രീപാർവതി (ഏഴ്), റീഷയുടെ പിതാവ് കെ.കെ. വിശ്വനാഥൻ, അമ്മ ഒ.ശോഭന, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജിന എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
എട്ടുമാസം ഗർഭിണിയായ റീഷയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.