അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം; നിയമ വിദ്യാര്‍ഥിക്ക് സസ്പെന്ഷന്
Friday, January 20, 2023 10:00 PM IST
കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ഥിക്ക് സസ്പെന്ഷന്. എറണാകുളം ലോ കോളജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒരാഴ്ചത്തേക്കാണ് നടപടി.
സംഭവത്തില്‍ കോളജ് സ്റ്റാഫ് കൗണ്‍സില്‍ വിദ്യാര്‍ഥിയോട് വിശദീകരണം തേടിയിരുന്നു. മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നു എന്ന് വിദ്യാര്‍ഥി അറിയിച്ചെങ്കിലും ഈ വിശദീകരണത്തിന് പിന്നാലെയായിരുന്നു സ്റ്റാഫ് കൗണ്‍സിലിന്റെ നടപടി.
സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവര്‍ ഖേദം അറിയിച്ചതായും അപര്‍ണ പറഞ്ഞു. ലോ കോളജ് വിദ്യാര്‍ഥിയില്‍ നിന്ന് മോശം പെരുമാറ്റം അനുഭവപ്പെട്ടത് വേദനിപ്പിച്ചതായി നടി തുറന്നു പറഞ്ഞിരുന്നു.
ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ലെന്ന് സംഭവത്തിനു പിന്നാലെ അപര്‍ണ വ്യക്തമാക്കിയിരുന്നു.
ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണു കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി എന്നുമായിരുന്നു അപര്‍ണയുടെ പ്രതികരണം.
കോളജ് യൂണിയന് ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി ആയിരുന്നു അപര്‍ണ കഴിഞ്ഞദിവസം കോളജില്‍ എത്തിയത്. നടന് വിനീത് ശ്രീനിവാസനും സംഗീത സംവിധായകന് ബിജിപാലും മറ്റ് അണിയറ പ്രവര്‍ത്തകരും നടിക്ക് ഒപ്പം ഉണ്ടായിരുന്നു.
വേദിയിലിരുന്ന നടിയുടെ അടുത്തേക്ക് പൂവുമായി എത്തി ഇത് നല്കിയ ശേഷം അവരുടെ കൈയ്ക്ക് പിടിച്ച് എഴുന്നേല്‍പ്പിച്ച് തോളില്‍ കൈ ഇടാനാണ് വിദ്യാര്‍ഥി ശ്രമിച്ചത്. ഈ സമയം അപര്‍ണ ഒഴിഞ്ഞു മാറുന്നത് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമായിരുന്നു.