രഞ്ജി: കേരളത്തെ സമനിലയിൽ പിടിച്ച് ഡൽഹി
Thursday, December 12, 2019 4:16 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരായ കേരളത്തിന്‍റെ മത്സരം സമനിലയിൽ കലാശിച്ചു. ഫോളോഓണ്‍ ചെയ്ത ഡൽഹി രണ്ടാം ഇന്നിംഗ്സിൽ മികച്ച പോരാട്ടവീര്യം കാഴ്ചവച്ചതോടെയാണ് കേരളത്തിന്‍റെ ജയപ്രതീക്ഷ ഇല്ലാതായത്. അവസാനദിനം 395/4 എന്ന നിലയിൽ ഡൽഹി നിൽക്കേ മത്സരം സമനിലയിൽ പിരിയാൻ ഇരുക്യാപ്റ്റൻമാരും സമ്മതിക്കുകയായിരുന്നു.

കുമാൽ ചണ്ഡേല (125), നിതീഷ് റാണ (114) എന്നിവരുടെ തകർപ്പൻ സെഞ്ചുറികളാണ് ഡൽഹിയെ തോൽവിയിൽ നിന്നും രക്ഷിച്ചത്. ഓപ്പണർ അനുജ് റാവത്ത് 87 റണ്‍സ് നേടി മൂന്നാം ദിനം തന്നെ പുറത്തായിരുന്നു. ഇന്ന് മൂന്ന് വിക്കറ്റുകൾ കൂടി മാത്രമാണ് കേരളത്തിന് നേടാനായത്. ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നേടിയ സ്പിന്നർ ജലജ് സക്സേന മത്സരത്തിൽ എട്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്സിൽ 142 റണ്‍സിന് പുറത്തായതിന് പിന്നാലെ ഡൽഹിയെ കേരളം ഫോളോഓണിന് അയയ്ക്കുകയായിരുന്നു. മത്സരം സമനിലയിൽ ആയെങ്കിലും ആദ്യ ഇന്നിംഗ്സിലെ ലീഡിന്‍റെ ബലത്തിൽ കേരളത്തിന് മൂന്ന് പോയിന്‍റും ഡൽഹിക്ക് ഒരു പോയിന്‍റും ലഭിക്കും.

കേരളം ഒന്നാം ഇന്നിംഗ്സിൽ 525/9 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ക്യാപ്റ്റൻ സച്ചിൻ ബേബി (155), റോബിൻ ഉത്തപ്പ (102), പി.രാഹുൽ (97), മുഹമ്മദ് അസ്ഹറുദ്ദീൻ (77) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്കോർ കേരളത്തിന് സമ്മാനിച്ചത്. സച്ചിൻ ബേബിയാണ് മാൻ ഓഫ് ദ മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.