ജെഎൻയുവിൽ വീണ്ടും വിദ്യാർഥി സംഘർഷം
Monday, November 11, 2019 5:01 PM IST
ന്യൂഡൽഹി: ഫീസ് വർധന ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ജെഎൻയുവിൽ വിദ്യാർഥികൾ തുടങ്ങിയ സമരത്തിൽ സംഘർഷം. സർവകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി ഉൾപ്പടെയുള്ളവരെ വിദ്യാർഥികൾ തടഞ്ഞുവച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കേന്ദ്രസേനയുടെ കൂടി സഹായം തേടി മന്ത്രിയെ ഒടുവിൽ
പോലീസ് പുറത്തെത്തിക്കുകയായിരുന്നു.

ആയിരത്തിലധികം വിദ്യാർഥികളാണ് രാവിലെ ജെഎൻയുവിന് മുന്നിൽ ഉപരാഷ്‌ട്രപതിയും കേന്ദ്രമന്ത്രിയും പങ്കെടുത്ത ചടങ്ങ് ബഹിഷ്കരിച്ച് സമരം തുടങ്ങിയത്. വലിയ തോതിൽ വിദ്യാർഥികളെ നേരിടാൻ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. എന്നാൽ ബാരിക്കേഡുകൾ എല്ലാം സമരക്കാർ തള്ളിമാറ്റിയതോടെ പോലീസ് ചെറിയ തോതിൽ ലാത്തിവീശി. കൂടുതൽ ബാരിക്കേഡുകൾ സർവകലാശാലയുടെ കവാടത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർഥികൾ പോലീസ് വാഹനം തടഞ്ഞു.

വിദ്യാർഥികളെ പിരിച്ചുവിടാൻ ലാത്തിവീശിയ പോലീസ് പിന്നീട് ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി വിദ്യാർഥികൾക്ക് ലാത്തിയടിയേറ്റു. ചിലരെ പോലീസ് മർദ്ദിച്ചുവെന്നും ആരോപണമുണ്ട്. വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്താൻ സമയം കിട്ടാതെ പിരിഞ്ഞുപോകില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. വിദ്യാർഥിനികൾ ഉൾപ്പടെയുള്ളവർ സമരമുഖത്ത് അണിനിരന്നതോടെ പോലീസ് വിയർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.