യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യുവിന്‍റെ മൂന്ന് പത്രികകൾ സ്വീകരിച്ചു
Friday, September 20, 2019 2:07 PM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യു സമർപ്പിച്ച മൂന്ന് പത്രികകളും എഐഎസ്എഫ് സമർപ്പിച്ച രണ്ടു പത്രികകളും ഒടുവിൽ സ്വീകരിച്ചു. ഏഴ് സീറ്റുകളിലേക്കാണ് കെഎസ്‌യു പത്രിക സമർപ്പിച്ചിരുന്നത്. എഐഎസ്എഫ് മൂന്ന് സീറ്റുകളിലേക്ക് പത്രിക സമർപ്പിച്ചിരുന്നു.

എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഈ പത്രികകളെല്ലാം തള്ളിയത് വിവാദമായിരുന്നു. നടപടി ചോദ്യം ചെയ്ത് കോടതിയിലേക്ക് നീങ്ങുമെന്ന് കെഎസ്‌യു വ്യക്തമാക്കിയതോടെയാണ് കോളജ് അധികൃതർ അയഞ്ഞത്.

വിഷയത്തിൽ സമവായം ഉണ്ടാക്കാൻ ഇന്ന് വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് കെഎസ്‌യുവിന്‍റെ മൂന്ന് പത്രികകളും എഐഎസ്എഫിന്‍റെ രണ്ടു പത്രികളും സ്വീകരിക്കാൻ ധാരണയായത്.

എസ്എഫ്ഐയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മറ്റ് സംഘടനകളുടെ പത്രികകൾ തള്ളിയതെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇക്കാര്യത്തിൽ പുനരാലോചന ഉണ്ടായത്. 27-നാണ് യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ്. എസ്എഫ്ഐയുടെ എല്ലാ പത്രികകളും നേരത്തെ സ്വീകരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.