പരോൾ പൂർത്തിയായി; നളിനി ജയിലിൽ തിരിച്ചെത്തി
Monday, September 16, 2019 1:04 PM IST
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി പരോൾ കാലാവധിയായ 51 ദിവസം പൂർത്തിയാക്കി ജയിലിൽ തിരിച്ചെത്തി. ഒക്ടോബർ 15 വരെ പരോൾ നീട്ടണമെന്ന നളിനിയുടെ ഹർജി മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി 30 ദിവസത്തെ പരോളാണ് മദ്രാസ് ഹൈക്കോടതി നളിനിക്ക് ആദ്യം അനുവദിച്ചത്. ഇതുപ്രകാരം ജുലൈ 25ന് നളിനി പുറത്തിറങ്ങി. കർശന വ്യവസ്ഥകളോടെയായിരുന്നു പരോൾ. പിന്നീട് നളിനിയുടെ അപേക്ഷ പരിഗണിച്ച് മൂന്നാഴ്ച കൂടി പരോൾ നീട്ടി നൽകുകയും ചെയ്തു. ഇതിന് ശേഷം മൂന്നാമതും പരോൾ നീട്ടാൻ അനുമതി തേടി മദ്രാസ് ഹൈക്കോടതിയിൽ എത്തിയെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു.

മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെ വധിച്ച കേസിൽ നളിനി ഉൾപ്പടെ ആറ് പേരാണ് ജീവപര്യന്തം തടവു ശിക്ഷയുമായി ജയിലിൽ കഴിയുന്നത്. നേരത്തെ വധശിക്ഷയായിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്. എന്നാൽ ശിക്ഷ അനന്തമായി നീണ്ടുപോയതോടെ പ്രതികളുടെ ഹർജി പരിഗണിച്ച് വധശിക്ഷ റദ്ദാക്കി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

1991 മേയ് 21ന് തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.