കണ്ണീർ സീരിയലിനിടെ സൂപ്പർ ആക്ഷൻ; ഭർത്താവിനെ ഭാര്യ വെട്ടി, ഭാര്യയും മാതാപിതാക്കളും അറസ്റ്റിൽ
Saturday, August 24, 2019 1:22 PM IST
കോട്ടയം: ടിവിയിലെ കണ്ണീർ സീരിയലിനിടെ വീട്ടിൽ ന്ധസൂപ്പർ ആക്ഷൻ’. കോട്ടയം കുമരകത്താണ് സംഭവം. ആക്ഷൻ രംഗങ്ങൾക്കൊടുവിൽ ഭാര്യ ഭർത്താവിനെ വാക്കത്തിക്ക് വെട്ടി. ഭർത്താവ് ആശുപത്രിയിലായി, ഭാര്യയെയും മാതാപിതാക്കളെയും കുമരകം പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിൽ ഭാര്യാഗൃഹത്തിലേക്ക് എത്തിയ ഭർത്താവ് ടിവിയിൽ സീരിയൽ കണ്ടുകൊണ്ടിരുന്ന ഭാര്യയോട് ചോറുവിളമ്പാൻ ആവശ്യപ്പെട്ടു. എന്നാൽ സീരിയൽ ലഹരിയിലായിരുന്ന ഭാര്യ ഭർത്താവ് പറഞ്ഞതിനോട് കേട്ടഭാവം പോലും കാണിച്ചില്ല.

ഇതോടെ ഭർത്താവ് ഭാര്യയോട് കയർത്തു സംസാരിച്ചു. ഇരുവരും വാക്കേറ്റം തുടങ്ങി ഒടുവിൽ കൈയാങ്കളിയിലെത്തി. ഇതോടെ ഭാര്യാപിതാവും മാതാവും വിഷയത്തിൽ ഇടപെട്ടു. ഇതോടെ കൂട്ടത്തല്ലായി. ഇതിനിടെയാണ് ഭാര്യ ഭർത്താവിനെ വെട്ടിവീഴ്ത്തിയത്.

മണർകാട് സ്വദേശി അഭിലാഷ് (34) ആണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ കുമരകത്തെ ഭാര്യാഗൃഹത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. സ്ഥിരം മദ്യപാനിയായ അഭിലാഷ് വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസവും ഇത് തന്നെയാണ് സംഭവിച്ചതെന്നാണ് പോലീസ് ഭാഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.