ദിനേശ് കാർത്തിക്ക് ലോകകപ്പ് ടീമിൽ; റായിഡു പുറത്ത്
Monday, April 15, 2019 3:32 PM IST
മുംബൈ: ഇംഗ്ലണ്ട്-വെയിൽസ് സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നാലാം നന്പർ ബാറ്റ്സ്മാനായി ടീമിലെത്തുമെന്ന് കരുതിയിരുന്ന അന്പാട്ടി റായിഡുവിന് സ്ഥാനം ലഭിച്ചില്ല. ദിനേശ് കാർത്തിക്കും കെ.എൽ.രാഹുലും ടീമിലുണ്ട്. മുഖ്യസെലക്ടർ എം.എസ്.കെ.പ്രസാദ് അധ്യക്ഷനായ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്.

സമീപഭാവിയിൽ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ടീമിലില്ല. വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ മൂന്ന് പേസർമാരും മൂന്ന് സ്പിന്നർമാരും രണ്ടു ഓൾറൗണ്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. രോഹിത് ശർമയാണ് ഉപനായകൻ.

രോഹിത്-ശിഖർ ധവാൻ സഖ്യം തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. നാലാം നന്പറിൽ ബാറ്റ് ചെയ്യാൻ സാധ്യതയുള്ള മൂന്ന് പേരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുലും വിജയ് ശങ്കറും ദിനേശ് കാർത്തിക്കും ഈ സ്ഥാനത്തിന് വേണ്ടി മത്സരിക്കും.

മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ പേസർമാർ. കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ എന്നിവർക്ക് പുറമേ രവീന്ദ്ര ജഡേജയും സ്പിന്നറായി ടീമിലെത്തി.

മേയ് 30ന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ലോകകപ്പ് തുടങ്ങുന്നത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ.രാഹുൽ, വിജയ് ശങ്കർ, ദിനേശ് കാർത്തിക്ക്, എം.എസ്.ധോണി, കേദാർ ജാദവ്, ഹർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.