ബുംറയുടെ പരിക്കിൽ ആശങ്ക വേണ്ടെന്ന് മുംബൈ ഇന്ത്യൻസ്
Monday, March 25, 2019 5:14 PM IST
മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തിനിടെ തോളിന് പരിക്കേറ്റ മുംബൈ ഇന്ത്യൻസ് ബൗളർ ജസ്പ്രീത് ബുംറയുടെ പരിക്കിൽ ആശങ്ക വേണ്ടെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചു. ലോകകപ്പിന് രണ്ടു മാസം മാത്രം ശേഷിക്കേ ബുംറയുടെ പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തിയിരുന്നു.

ഞായറാഴ്ച ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് സ്വന്തം ബൗളിംഗിൽ ഫീൽഡ് ചെയ്യുന്നതിനിടെ ബുംറയ്ക്ക് പരിക്കേറ്റത്. തോളിന് പരിക്കേറ്റ് നിലത്തുവീണ ബുംറ വേദനകൊണ്ട് പുളയുകയായിരുന്നു. ഫിസിയോയ്ക്കൊപ്പം മൈതാനം വിട്ട ബുംറ ബാറ്റ് ചെയ്യാൻ എത്തിയതുമില്ല. ഇതാണ് പരിക്ക് ഗുരുതരമാണെന്ന ആശങ്കയുണ്ടാക്കിയത്.

ബുംറയ്ക്ക് കാര്യമായ പരിക്കില്ലെന്നും ഉടൻ തന്നെ കളിക്കളത്തിൽ മടങ്ങിയെത്തുമെന്നും മുംബൈ ഇന്ത്യൻസ് ടീം ട്വിറ്ററിൽ അറിയിച്ചു. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ 37 റണ്‍സിന്‍റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.