പത്തനംതിട്ടയിലെ സസ്പെൻസ് തീരുന്നില്ല; കോണ്‍ഗ്രസ് പ്രമുഖൻ ബിജെപിയിലേക്ക്
Friday, March 22, 2019 4:33 PM IST
കോട്ടയം: ബിജെപിയുടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥി ആരാകുമെന്ന സസ്പെൻസ് അവസാനിക്കുന്നില്ല. ജില്ലയിൽ നിന്നും പ്രമുഖ കോണ്‍ഗ്രസ് ദേശീയ നേതാവ് കൂടുമാറി താമര ചിഹ്നത്തിൽ മത്സരിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ സ്ഥിരീകരിക്കാൻ തയാറാല്ല.

ആർക്കോ വേണ്ടി വലവിരിച്ച് കാത്തിരിക്കുകയാണ് ബിജെപിയെന്ന് രാഷ്ട്രീയ കോണുകളിൽ അടക്കം പറച്ചിലുണ്ട്. കെ.സുരേന്ദ്രനും സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയും പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്തുള്ളപ്പോഴും അപ്രതീക്ഷിത സ്ഥാനാർഥി വരുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള കോണ്‍ഗ്രസിന്‍റെ പ്രമുഖനെ അടർത്തിയെടുത്ത് പത്തനംതിട്ടയിൽ രംഗത്തിറക്കിയാൽ മണ്ഡലം പിടിക്കാമെന്നും ഇതുവഴി അപ്രതീക്ഷിത ഷോക്ക് എതിരാളികൾക്ക് നൽകാമെന്നും ബിജെപി നേതൃത്വം കണക്കു കൂട്ടുന്നുണ്ട്.

രണ്ടു കോണ്‍ഗ്രസ് നേതാക്കളുമായി ബിജെപി കേന്ദ്ര നേതൃത്വം സംസാരിച്ചുവെന്നും ഇതിൽ ഒരാൾ കൂടുമാറി മത്സരിക്കാൻ പാതിമനസോടെ നിൽക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ദേശീയ നേതൃത്വത്തിന്‍റെ ഈ നീക്കം സംസ്ഥാനത്തെ നേതാക്കൾ അറിഞ്ഞിട്ടില്ലെന്നും വിവരമുണ്ട്. പത്തനംതിട്ടയിൽ സസ്പെൻസോ സർപ്രൈസോ ഇല്ലെന്നും സ്ഥാനാർഥിയെ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് രാവിലെ കുമ്മനം രാജശേഖരൻ പ്രതികരിച്ചത്.

കോണ്‍ഗ്രസ് നേതാക്കൾ ഇനിയും ബിജെപിയിൽ എത്തുമെന്ന് ശ്രീധരൻപിള്ള ആവർത്തിച്ച് പറയുന്പോഴും പ്രമുഖർ ആരെങ്കിലുമാണോ എന്ന ആകാംഷ രാഷ്ട്രീയ കേരളത്തിനുണ്ട്. ടോം വടക്കന്‍റെ പോക്ക് കോണ്‍ഗ്രസിന് കാര്യമായ ക്ഷീണമുണ്ടാക്കില്ലെങ്കിലും പുതിയ നീക്കം അത്തരത്തിലല്ലെന്നാണ് ബിജെപി കേന്ദ്രങ്ങളിലെ അടക്കംപറച്ചിൽ.

തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെങ്കിൽ തൃശൂർ സീറ്റ് ബിഡിജഐസിൽ നിന്നും വാങ്ങി കെ.സുരേന്ദ്രനെ അവിടെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഇതുവഴി കോണ്‍ഗ്രസിൽ നിന്നും വരുന്ന പ്രമുഖന് പത്തനംതിട്ട തടസമില്ലാതെ നൽകാനാകുമെന്നും കേന്ദ്ര നേതൃത്വം കണക്കുകൂട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.