ബാലഭാസ്കറിന്‍റെ സാന്പത്തിക ഇടപാട്: ദുരൂഹതയില്ലെന്ന് പോലീസ്
Monday, January 21, 2019 3:29 PM IST
തിരുവനന്തപുരം: കാറപകടത്തിൽ മരിച്ച സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്‍റെ സാന്പത്തിക ഇടപാടുകളിൽ ദുരൂഹതയൊന്നുമില്ലെന്ന് പോലീസ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തിയിരുന്നു. പാലക്കാട്ടുള്ള ഒരു ആയുർവേദ ഡോക്ടറുമായി ബാലഭാസ്കറിന് സാന്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

എന്നാൽ അന്വേഷണത്തിൽ ദുരൂഹമായ സാന്പത്തിക ഇടപാടുകളൊന്നും പോലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. പാലക്കാട്ടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്കറിന് സാന്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ബാലഭാസ്കറിന് നൽകാനുള്ള എട്ട് ലക്ഷം രൂപ ബാങ്ക് വഴി തന്നെ തിരിച്ചു നൽകിയെന്ന് ഡോക്ടർ പോലീസിന് മൊഴി നൽകി. ഇതിന്‍റെ ബാങ്ക് രേഖകളും ഡോക്ടർ പോലീസിന് മുന്നിൽ സമർപ്പിച്ചു.

അതേസമയം അപകടം സംഭവിക്കുന്പോൾ ഇന്നോവ കാർ ഓടിച്ചിരുന്ന ബാലഭാസ്കറിന്‍റെ ബന്ധു അർജുൻ രണ്ടു ക്രിമിനൽ കേസിലെ പ്രതിയാണെന്നാണ് പോലീസ് റിപ്പോർട്ട്. ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് ഇയാൾ ഉൾപ്പെട്ടിരിക്കുന്നത്. എടിഎമ്മിലെ പണം കവർന്ന കേസിലെ പ്രതികളെ സഹായിച്ചുവെന്നതാണ് കുറ്റം.

അപകടം നടക്കുന്പോൾ ബാലഭാസ്കറാണ് വാഹനമോടിച്ചിരുന്നതെന്നും അല്ലെന്നും ഒക്കെ വ്യത്യസ്തമായ മൊഴികൾ പോലീസിന് ലഭിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ പോലീസ് ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.