കുട്ടിക്കാനം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി ഒന്നിനും രണ്ടിനും
Friday, January 18, 2019 2:04 PM IST
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജിലെ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് കുട്ടിക്കാനം അന്താരാഷ്ട്ര ചലച്ചിത്രോത്സവം "കത്രിക' 2019 ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ കോളജിൽ വച്ചു നടത്തും.

സെൻസർഷിപ്പ് സംബന്ധിച്ച് ചർച്ചകൾക്ക് വിധേയമായ സിനിമകൾ ഉൾപ്പെടുത്തിയതിനാലാണ് ഈ വർഷം ചലച്ചിത്രോത്സവത്തിന് "കത്രിക' എന്ന പേര് നൽകിയിരിക്കുന്നത്. ചലച്ചിത്രോത്സവത്തിനോട് അനുബന്ധിച്ച് ഷോർട്ട് ഫിലിം, ഫോട്ടോഗ്രഫി മത്സരങ്ങളും സംഘടിപ്പിക്കപെടുന്നുണ്ട്.

ചലച്ചിത്രോത്സവത്തിൽ സെക്സി ദുർഗ(മലയാളം), കാടു പൂക്കുന്ന നേരം (മലയാളം), കാ ബോഡി സ്കെയിപ്പ്‌ (മലയാളം), നൂഡ് (മറാത്തി), പാർച്ച്ഡ്‌ (ഹിന്ദി), ടാക്സി (ഇറാനിയൻ), ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ (ഹിന്ദി), ദി ഇന്‍റർവ്യൂ (ഇംഗ്ലീഷ്), ഹെഡ്- ഓൺ (ടർക്കിഷ്), സ്റ്റോണിംഗ് ഓഫ് സുരയ എം. (പേർഷ്യൻ) തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം ഡയറക്ടർ പ്രഫ. എം.വിജയകുമാർ, ഫെസ്റ്റിവൽ ഡയറക്ടർ ഫാ. സോബി കന്നാലിൽ, സ്റ്റാഫ് കോർഡിനേറ്റേഴ്‌സ് ശ്രീദേവി നാരായണൻ, സീന ജോൺസൺ, വിഷ്ണു വിജയകുമാർ സ്റ്റുഡന്‍റ് കോർഡിനേറ്റേഴ്‌സ് നാസിഹ സാദിഖ്, കേബിൻ കെ. തോമസ് എന്നിവർ ചലച്ചിത്രോത്സവത്തിന് നേതൃത്വം നൽകും.

ചലച്ചിത്രോത്സവത്തിൽ കേരളത്തിന് അകത്തും പുറത്തുമുള്ള കോളജുകളിലെ വിദ്യാർഥികളും മറ്റു സിനിമ പ്രേമികളും പങ്കെടുക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 9747513220 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.