ഓക്‌ലൻഡ് ട്വന്‍റി-20: കിവീസിന് ജയം
Friday, January 11, 2019 3:14 PM IST
ഓക് ലൻഡ്: ശ്രീലങ്കയ്ക്കെതിരായ ഏക ട്വന്‍റി-20യിൽ ന്യൂസിലൻഡിന് 35 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 179 റണ്‍സ് നേടി. 16.5 ഓവറിൽ 144 റണ്‍സിൽ ലങ്കൻ പോരാട്ടം അവസാനിച്ചു. ഏകദിന പരന്പരയിലെ മൂന്ന് തുടർ തോൽവികൾക്ക് പിന്നാലെ ട്വന്‍റി-20യിലും പരാജയപ്പെട്ടത് ലങ്കയ്ക്ക് തിരിച്ചടിയായി.

മുൻനിര തകർന്നടിഞ്ഞ കിവീസിനെ അവസാന ഓവറുകളിൽ ഡഗ് ബ്രയ്സ്‌വെല്ലും (44), സ്കോട്ട് കുഗിലിനും (പുറത്താകാതെ 35) ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത്. ബ്രയ്സ്‌വെൽ അഞ്ച് സിക്സും കുഗിലിൻ നാല് സിക്സും പറത്തി. റോസ് ടെയ്‌ലർ 33 റണ്‍സ് നേടി. കെയ്ൻ വില്യംസണിന്‍റെ അഭാവത്തിൽ ടിം സൗത്തിയാണ് കിവീസിനെ നയിച്ചത്.

മറുപടി ബാറ്റിംഗിൽ ലങ്ക മികച്ച രീതിയിൽ സ്കോർ ചെയ്തെങ്കിലും തുടർച്ചയായി വിക്കറ്റുകൾ വീണത് തിരിച്ചടിയുണ്ടാക്കി. 24 പന്തിൽ 43 റണ്‍സ് നേടിയ തിസാര പെരേരയാണ് ടോപ്പ് സ്കോറർ. പെരേര മൂന്ന് സിക്സും രണ്ടു ഫോറും നേടി. കിവീസിന് വേണ്ടി ലോക്കി ഫെർഗൂസനും ഈഷ് സോധിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബ്രയ്സ് വെല്ലാണ് മാൻ ഓഫ് ദ മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.