ഹർത്താൽ, പണിമുടക്ക് കേസുകൾ കുന്നുപോലെ; നേതാക്കൾ ഊരി, അണികൾ കുടുങ്ങി
Friday, January 11, 2019 1:39 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും ദേ​ശീ​യ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്നുണ്ടായ ട്രെയിൻ തടയലുമായും ബ​ന്ധ​പ്പെ​ട്ടു കേ​സു​ക​ൾ കു​ന്നുകൂ​ടു​ന്പോ​ൾ നേ​താ​ക്ക​ളെല്ലാം ഭംഗിയായി ഊരി. കേസിൽ ഉൾപ്പെട്ടതെല്ലാം വിവിധ പാർട്ടികളിലെ അണികൾ മാത്രമാണ്.

യു​വ​തീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ര​ള​ത്തി​ൽ ചാ​ർ​ജ് ചെ​യ്ത കേ​സു​ക​ളി​ൽ ശ​ബ​രി​മ​ല​യി​ലും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് 2,012 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. അ​തി​ൽ 10,561 പേ​രെ തി​രി​ച്ച​റി​ഞ്ഞു. ഇ​വ​രി​ൽ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളി​ൽ​പെ​ട്ട​വ​ർ 9,489. മറ്റുള്ളവർ 1,072.

ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ത്ര​മു​ണ്ടാ​യ വി​വി​ധ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ 1,137 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 10,024 പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ 17 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 15 പേ​ർ അ​റ​സ്റ്റി​ലാ​യി.

മൂ​ന്നി​നു ന​ട​ന്ന ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ മാ​ത്ര​മു​ണ്ടാ​യ ന​ഷ്ടം 2.32 കോ​ടി രൂ​പ​യു​ടേ​താ​ണ്. ഇ​തെ​ല്ലാം ഈ​ടാ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. പ്ര​തി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും സം​ഘ​പ​രിവാർ സംഘടനകളിലെ പ്രവർത്തകരായതുകൊ​ണ്ടു സ​ർ​ക്കാ​രി​നും കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ താ​ൽ​പ​ര്യ​മാ​ണ്.

എ​ന്നാ​ൽ ഇ​തി​ലെല്ലാം നേ​താ​ക്ക​ളെ​ക്കാ​ൾ അ​ണി​ക​ളാ​ണ് കു​ടു​ങ്ങു​ന്ന​ത്. ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് കേ​സി​ൽ പ്ര​തി​യാ​യത്. ഇതിൽ എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളാ​ണ് കൂ​ടു​ത​ലാ​യി​ട്ടു​ള്ള​ത്. കേ​ന്ദ്ര​ത്തി​ന്‍റെ നേ​രി​ട്ടു നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റെ​യി​ൽ​വേ​യും ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടുപോ​കു​ക​യാ​ണ്.

നേ​താ​ക്ക​ളു​ടെ വാ​ക്കു​വി​ശ്വ​സി​ച്ചു രം​ഗ​ത്തി​റ​ങ്ങി അ​ക്ര​മ​ത്തി​നു മു​ന്നി​ൽ നി​ന്ന പ്ര​വ​ർ​ത്ത​ക​രെല്ലാം ശരിക്കും കുരുക്കിലായിരിക്കുകയാണ്. അതേസമയം കേ​സി​ൽ ഉൾപ്പെട്ട സി​പി​എം സം​സ്ഥാ​ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ രക്ഷപെടാൻ സ​മ​വാ​യ ച​ർ​ച്ച​ക​ളു​മാ​യി ഓ​ടി ന​ട​ക്കു​ക​യാ​ണ്. ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ ബാ​ങ്ക് ആ​ക്ര​മി​ച്ച എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​ക്ക​ളെ ര​ക്ഷി​ക്കാ​നും സി​പി​എം നേ​താ​ക്ക​ൾ ത​ന്നെ രം​ഗ​ത്തി​റ​ങ്ങി ക​ഴി​ഞ്ഞു.

റെ​യി​ൽ​വേ​യു​ടെ കേ​സു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്കു ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ലും കേ​സി​ൽ നി​ന്നും ഊ​രാ​ൻ ക​ഴി​യാ​ത്ത സ്ഥിതിയുണ്ടാകും. ഇതിന് പുറമേ നഷ്ടപരിഹാരം കൂടി കൊടുക്കേണ്ടി വന്നാൽ അണികളുടെ ആവേശം വീണ്ടും ചോരും.

അതിനിടെ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവത്തിൽ സംഘപരിവാർ സംഘടനകൾ സംസ്ഥാനത്ത് നടത്തിയ ആക്രമണത്തിന്‍റെ വിവരങ്ങൾ മുഖ്യമന്ത്രി രാജ്ഭവന് കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.