സംസ്ഥാനത്ത് ബിജെപി മാർച്ചുകളിൽ സംഘർഷം
Monday, December 10, 2018 12:43 PM IST
തിരുവനന്തപുരം/കൊച്ചി: ശബരിമല വിഷയത്തിന്‍റെ പേരിൽ സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാനത്തുടനീളം നടത്തിയ പ്രതിഷേധ മാർച്ചുകളിൽ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചിനിടെ സംഘർഷമുണ്ടായതോടെ പോലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്.

സ്ത്രീകളെ മുന്നിൽ നിർത്തി പോലീസിനെ പിന്തിരിപ്പിക്കാനാണ് സെക്രട്ടറിയേറ്റ് പടിക്കൽ ശ്രമമുണ്ടായത്. ഇതിനിടെ പോലീസിനെ പരമാവധി പ്രകോപിപ്പിക്കാനും ശ്രമമുണ്ടായി. കസേരകളും കുപ്പികളും പ്രതിഷേധക്കാർ പോലീസിന് നേരെ വലിച്ചെറിഞ്ഞു. സംഘർഷത്തിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എ.എൻ.രാധാകൃഷ്ണന്‍റെ സമരപന്തൽ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം.



കൊച്ചിയിലും കോട്ടയത്തും നടന്ന പ്രതിഷേധ പ്രകടനങ്ങളിലും സംഘർഷമുണ്ടായി. കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോട്ടയം കളക്ട്രേറ്റിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

തിരുവനന്തപുരത്ത് എ.എൻ.രാധാകൃഷ്ണന്‍റെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെയാണ് ബിജെപി ശബരിമല വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുന്നത്. ഇന്ന് സംസ്ഥാനത്തെ മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലേക്കും ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.