അഗ്നി-5 വിജയകരമായി പരീക്ഷിച്ചു
Thursday, January 18, 2018 2:41 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ഇന്ന് രാവിലെ 9.54ന് ഒഡീഷയിലെ അബ്ദുൾ കലാം (വീലർ ദ്വീപ്) ദ്വീപിലായിരുന്നു പരീക്ഷണം. ഭൂഖണ്ഡാന്തര മിസൈലായ അഗ്നി-5ന് 5,000 കിലോമീറ്ററിനുമേൽ ദൂരപരിധിയുണ്ട്. അഗ്നി-5 വിജയത്തോടെ ഏഷ്യ മുഴുവൻ ഇന്ത്യയുടെ പ്രഹരപരിധിയിലായി.

മൊബൈൽ പ്ലാറ്റ്ഫോമിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ 19 മിനിറ്റിനുള്ളിൽ നിശ്ചിത ദൂരമായ 4,900 കിലോമീറ്റര്‍ മറികടന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനാണ് പരീക്ഷണ വാർത്ത പുറത്തുവിട്ടത്. ആണവവാഹക മിസൈൽ രംഗത്ത് ഇന്ത്യയുടെ ശക്തി സ്രോതസാണ് അഗ്നി ശൃംഖല മിസൈലുകളും പൃഥ്വിയും.

മൂന്നു ഘട്ടമുള്ള അഗ്നി-5 ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്പ്മെന്‍റ് ഒാർഗനൈസേഷൻ (ഡിആർഡിഒ) ആണ് വികസിപ്പിച്ചത്. 5,000 മുതൽ 5,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള 17 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുണ്ട്. മിസൈലിന് 1.5 ടൺ ആണ് ഭാരം.

2012 ഏപ്രിൽ 19നാണ് അഗ്നി-5ന്‍റെ ആദ്യ പരീക്ഷം നടത്തിയത്. തുടർന്ന് 2013 സെപ്റ്റംബർ 15നും 2015 ജനുവരി മൂന്നിനും പരീക്ഷണങ്ങൾ നടത്തിയിരുന്നു. 2016 ഡിസംബർ 26നാണ് അഗ്നി-5ന്‍റെ നാലാമത്തെ പരീക്ഷണം പൂർത്തിയാക്കിയത്.

ഭൂമിയുടെ ഭ്രമണപഥത്തിനു പുറത്തെത്തി കൂടുതൽ വേഗം ആർജിച്ച് ഭൗമോപരിതലത്തിലെത്തി ലക്ഷ്യത്തിലേക്കു നീങ്ങുകയാണ് ബാലിസ്റ്റിക് മിസൈലുകളുടെ പ്രവർത്തന രീതി. ഭ്രമണപഥത്തിനു പുറത്ത് പോവുകയും ഭൗമോപരിതലത്തിലേക്കു മടങ്ങിയെത്തുകയും ചെയ്യുന്നതിനുമിടയിലുള്ള സമയങ്ങളിൽ മിസൈലിന്‍റെ താപനില നിയന്ത്രിച്ചുള്ള ബാലിസ്റ്റിക് മിസൈലുകളുടെ പ്രവർത്തനം അതിസങ്കീർണമാണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...