ആഗോള അയ്യപ്പസംഗമം: ഏഴു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, 3,500 പേർ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി
Thursday, September 18, 2025 2:23 PM IST
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ഏഴുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഫണ്ട് സ്പോൺസർഷിപ്പ് വഴിയാണെന്നും ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അയ്യപ്പസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. പ്രധാന പന്തൽ പണി പൂർത്തിയായി. താമസ സൗകര്യം, യാത്രാസൗകര്യം ഉൾപ്പടെ ക്രമീകരിച്ചിട്ടുണ്ട്. 3,500 പേർ പരമാവധി പങ്കെടുക്കും. അയ്യായിരത്തിലധികം രജിസ്ട്രേഷൻ വന്നിരുന്നു. അതിൽ മുമ്പ് വന്നിട്ടുള്ള ആളുകൾ, സംഘടനകൾ എന്നിങ്ങനെ മുൻഗണന വച്ചാണ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മാസ്റ്റർ പ്ലാൻ അടക്കം സംഗമത്തിൽ അവതരിപ്പിക്കും. അതിലും സ്പോൺസർമാരെ ഉൾപ്പടെ പ്രതീക്ഷിക്കുന്നുണ്ട്. എൻഎസ്എസ് വൈസ് പ്രസിഡന്റ്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ഉൾപ്പടെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്ര സർക്കാർ പ്രതിനിധികളെ ക്ഷണിച്ചിരുന്നുവെങ്കിലും വരുന്ന കാര്യത്തിൽ മറുപടി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.