ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Saturday, December 28, 2024 10:30 PM IST
കോട്ടയം: സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം 4.30ന് അമയന്നൂരിലുണ്ടായ സംഭവത്തിൽ നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്റെ മകൻ ജിതിൻ (15) ആണ് മരിച്ചത്.
പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ജിതിൻ. ജിതിനും സഹോദരൻ ജിബിനും (21) മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോനിപ്പള്ളി സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്.
അപകടത്തെ തുടർന്ന് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പിതാവ് ബിജു വിദേശത്താണ്. കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരിയായ ശ്രീജയാണ് മാതാവ്.