ശക്തമായ നിലയിൽ നിന്ന് തകർന്നടിഞ്ഞ് ലങ്ക; ന്യൂസിലന്‍ഡിന് നാടകീയ ജയം
Saturday, December 28, 2024 5:09 PM IST
മൗണ്ട് മൗംഗനൂയി: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടി20യിൽ ന്യൂസിലാൻഡിന് എട്ട് റൺസ് വിജയം. സ്കോർ: ന്യൂസിലന്‍ഡ് 172/8 ശ്രീലങ്ക 164/8. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ ലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടാനായുള്ളു.
തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായ കിവീസ് ഒരു ഘട്ടത്തിൽ അഞ്ചിന് 65 എന്ന നിലയിൽ തകർന്നിരുന്നു. ആറാം വിക്കറ്റിൽ ഡാരൽ മിച്ചൽ(62) മൈക്കൽ ബ്രേസ്വെൽ(59) കൂട്ടുകെട്ടാണ് ന്യൂസിലാൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേർന്ന് 105 റൺസ് നേടി .
ശ്രീലങ്കയ്ക്കായി ബിനുര ഫെർണാണ്ടോ, മഹീഷ് തീക്ഷണ, വനീന്ദു ഹസരങ്ക എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 173 റൺസ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ശ്രീലങ്കയ്ക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ലഭിച്ചത്. 60 പന്തില്‍ 90 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ടോപ് സ്കോറര്‍.
മറ്റൊരു ഓപ്പണറായ കുശാല്‍ മെന്‍ഡിസ് 36 പന്തില്‍ 46 റണ്‍സെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ ലങ്ക 13.5 ഓവറില്‍ 121 റണ്‍സെടുത്തശേഷമായിരുന്നു നാടകീയമായി തകര്‍ന്നടിഞ്ഞത്. പിന്നീട് വന്നവർക്കാർക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല. കുശാല്‍ മെന്‍ഡിസിനെ പുറത്താക്കിയ ജേക്കബ് ഡഫിയാണ് ലങ്കയുടെ തകർച്ചയ്ക്ക തുടക്കമിട്ടത്.
അതേ ഓവറില്‍ കുശാല്‍ പേരേരയും (0) മടക്കി ഡഫി അവസാന പന്തില്‍ കാമിന്ദു മെന്‍ഡിസിനെയും (0) കൂടാരം കയറ്റിയതോടെ ലങ്കയുടെ തകര്‍ച്ച തുടങ്ങിയിരുന്നു. പിന്നീട് വന്നവരെയെല്ലാം വേഗം പുറത്താക്കി കിവീസ് വിജയം തട്ടിയെടുക്കുകയായിരുന്നു.
ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കിവീസ് 1 -0 മുന്നിലെത്തി. ജേക്കബ് ഡഫിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. പരമ്പരയിലെ രണ്ടാം മത്സരം തിങ്കളാഴ്ച നടക്കും.