ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് പത്തു രൂപ ഈടാക്കും
Friday, November 29, 2024 6:56 PM IST
കോഴിക്കോട്: ഡിസംബര്‍ ഒന്ന് മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി ടിക്കറ്റിന് പത്തുരൂപ ഈടാക്കും. ജില്ലാ കളക്ടര്‍ സ്നേഹിൽകുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം.
നിലവില്‍ ഒപി ടിക്കറ്റിന് പണം ഈടാക്കുന്നില്ലായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒപി ടിക്കറ്റ് നിരക്ക് ബാധകമാണ്.
ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും ചെലവ് വലിയ തോതില്‍ കൂടിയ സാഹചര്യത്തില്‍ അതിനുള്ള പണം കണ്ടെത്താനാണ് നിരക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം.
അടുത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒപി ടിക്കറ്റിന് പത്തുരൂപ ഈടാക്കാൻ തീരുമാനിച്ചിരുന്നു.