ബാരാമതിയിൽ "പവർ'വിജയവുമായി അജിത് പവാർ
Saturday, November 23, 2024 6:11 PM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പവാര്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമായ ബാരാമതിയില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വൻ വിജയം നേടി ഉപമുഖ്യമന്ത്രി അജിത് പവാർ .സഹോദര പുത്രനും എന്‍സിപി ശരദ് പവാര്‍ പക്ഷ സ്ഥാനാര്‍ഥി യുഗേന്ദ്ര പവാറിനെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അജിത് പവാർ തോൽപ്പിച്ചത്.
181132 വോട്ടുകളാണ് അജിത് പവാർ നേടിയത്. യുഗേന്ദ്ര പവാറിന് 80233 വോട്ടുകളാണ് നേടാനായത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ അജിത് പവാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നതോടെയാണ് എന്‍സിപി പിളര്‍ന്നത്. പിളര്‍പ്പിന് ശേഷമുള്ള ആദ്യ മത്സരമായതിനാല്‍ അജിത്തിന് ഈ പോരാട്ടം നിര്‍ണായകമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ശരദ് പവാറിന്റെ
മകള്‍ സുപ്രിയ സുലെയുമാണ് ഏറ്റുമുട്ടിയത്. ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുപ്രിയ വിജയിക്കുകയും ചെയ്തിരുന്നു.
ബാരാമതിയില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയാണ് അജിത് പവാര്‍. 1991 മുതല്‍ ഈ മണ്ഡലത്തില്‍ വിജയം അജിത് പവാറിനൊപ്പമാണ്. 1967 മുതല്‍ 1990 വരെ ശരദ് പവാറായിരുന്നു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ.