ഇന്ദിരാ ഇമേജുമായി പ്രിയങ്ക പാർലമെന്റിലേക്ക്
അക്ഷയ് വി.എൽ
Saturday, November 23, 2024 12:24 PM IST
കോട്ടയം: ഇന്ത്യൻ പാർലമെന്റിലെ അധികായന്മാരെ വിറപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ ശബ്ദം നിലച്ചിട്ട് നാൽപ്പത് വർഷം. ഇന്ദിരയുടെ രക്തസാക്ഷിത്വത്തിന് നാൽപ്പത് ആണ്ടു തികയുമ്പോൾ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേയ്ക്ക് ഗാന്ധി കുടുംബത്തിൽനിന്ന് വീണ്ടും വനിത എത്തുന്നു. സാക്ഷാൽ ഇന്ദിരാ ഗാന്ധിയുടെ പിൻഗാമിയാകാൻ പ്രിയങ്ക ഗാന്ധി ഇനി ഇന്ത്യൻ പാർലമെന്റിൽ ഉണ്ടാകും.
52-ാം വയസിലാണ് പ്രിയങ്ക പാർലിമെന്ററി രംഗത്തേക്ക് കടന്നുവരുന്നത്. നാളിതുവരെ സംഘടന പദവികൾ മാത്രം വഹിച്ച് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ കേന്ദ്രീകരിച്ചിരുന്ന പ്രിയങ്കയുടെ പാർലമെന്ററി രംഗത്തേക്ക് ഉള്ള പ്രവേശം അപ്രതീക്ഷതമായിരുന്നു.
2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ സ്മൃതി ഇറാനിക്ക് മുന്നിൽ രാഹുൽ ഗാന്ധിക്ക് കാൽ ഇടറുമെന്ന് കോൺഗ്രസിന് ഉറപ്പായിരുന്നു. എന്നാൽ ഒരു പരീക്ഷണത്തിന് രാഹുലിനെ വിട്ടുകൊടുക്കാനും പാർട്ടി ഒരുക്കമായിരുന്നില്ല. അങ്ങനെ സുരക്ഷിത താവളം തേടി രാഹുൽ വയനാട്ടിൽ എത്തി.
അമേഠിയിലും വയനാട്ടിലും രാഹുൽ മത്സരിച്ചു. പ്രതീക്ഷത്തിച്ചുപോലെ അമേഠി സ്മൃതി തൂത്തുവാരിയപ്പോൾ വയനാട്ടുകാർ രാഹുലിനെ കൈ വിടാതെ ചേർത്ത് പിടിച്ചു. 2024ൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മത്സര രംഗത്തേക് ഇനി ഇല്ലെന്ന് സോണിയാഗാന്ധിയുടെ പ്രഖ്യാപനം വരുന്നു.
പിന്നാലെ സോണിയ രാജ്യസഭാംഗമായി പാർലമെന്റിൽ എത്തുന്നു. അങ്ങനെ ഫിറോസ് ഗാന്ധിയും ഇന്ദിര ഗാന്ധിയും സോണിയാഗാന്ധിയും വർഷങ്ങളോളം കൈവശംവച്ച റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ ഇനി ആര് സ്ഥാനാർഥിയാകും എന്നതായി ചർച്ച. ഈ ചർച്ചകൾ എല്ലാം ചെന്നെത്തിയത് രാഹുൽ ഗാന്ധിയിലേക്കാണ്.
അങ്ങനെ റായ്ബറേലിയിലും വയനാട്ടിലും രാഹുൽ 2024ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കഴിഞ്ഞ തവണത്തേതിന് വിഭിന്നമായി രണ്ടിടത്തും രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറുന്നു.
ഒരു വ്യക്തിക്ക് രണ്ട് ലോക്സഭാംഗത്വം ഒരേസമയം നിലനിർത്താൻ സാധിക്കാത്ത പക്ഷം രാഹുലിന് ഏതെങ്കിലും ഒരു മണ്ഡലം ഉപേക്ഷിച്ചേ മതിയായിരുന്നുള്ളു. ഉത്തരേന്ത്യയിൽ വർഷങ്ങളോളം തങ്ങളുടെ കുത്തകയാക്കി വച്ചിരുന്ന മണ്ഡലം കൈവിടാൻ ഗാന്ധി കുടുംബം തയാറായിരുന്നില്ല. അങ്ങനെ പ്രതിസന്ധി സമയത്ത് കൈപിടിച്ച വയനാടിനെ വിട്ട് രാഹുൽ റായ്ബറേലിയുടെ മാത്രം എംപിയായി.
എന്നാൽ സ്മൃതി ഇറാനിയോട് രാഹുൽ പൊരുതി തോറ്റതിന്റെ നാണക്കേട് മാറ്റാൻ സഹായിച്ച വയനാടിനെയും കൈവിടാൻ കോൺഗ്രസ് ഒരുക്കമായിരുന്നില്ല. അങ്ങനെ രാഹുൽഗാന്ധി വിട്ടുപോയ സങ്കടത്തിലും വയനാട്ടുകാർക്ക് ഇരട്ടിമധുരമായി പ്രിയങ്ക ഗാന്ധിയെ കന്നിയംഗത്തിന് വയനാട്ടിൽ ഇറക്കുന്നു.
രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ ഇനി ആരാകും പാർട്ടിയുടെ കടിഞ്ഞാൺ ഭാവിയിൽ നിയന്ത്രിക്കുക എന്ന് മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം ചർച്ച ചെയ്തു. കുടുംബാധിപത്യം തുടർന്നാൽ ഇന്ദിരാഗാന്ധിയുടെ തലയെടുപ്പുള്ള കൊച്ചു പ്രിയങ്ക ആയിരിക്കും ഭാവി പ്രധാനമന്ത്രി എന്ന് ഈ ഘട്ടത്തിൽ ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം വിലയിരുത്തി.
പിതാവിന്റെ മൃതശരീരത്തിന് അരുകിൽ സങ്കടക്കടൽ ഉള്ളിലൊതുക്കി കുലുങ്ങാതെ നിൽക്കുന്ന കൊച്ചു പ്രിയങ്കയുടെ ചിത്രം ഇന്ദിരാഗാന്ധിയുടെ കരുത്തിനോട് ഉപമിച്ചു കൊണ്ടായിരുന്നു പല മാധ്യമങ്ങളും അന്ന് ഈ വിലയിരുത്തലിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
എന്നാൽ പിതാവിന്റെ മരണത്തിനുശേഷം 33 വർഷങ്ങൾക്കിപ്പുറമാണ് പ്രിയങ്ക ഗാന്ധി പാർലമെന്ററി രംഗത്തേക്ക് കടന്നുവരുന്നത്. കന്നിയംഗത്തിന് വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധിയെ മുത്തശ്ശി ഇന്ദിരയുടെ പ്രതിരൂപമായാണ് വോട്ടർമാർ കണ്ടത്.
പ്രിയങ്കയുടെ പ്രചാരണത്തിൽ ഉടനീളം ഇത് പ്രകടമായിരുന്നു. വലിയ ജനാവലിയാണ് പ്രയങ്കയെ കാണാൻ കാത്തുനിന്നത്. അതിൽ പ്രായഭേദമന്ന്യേ, രാഷ്ട്രീയ ഭേദമന്ന്യേ നിരവധി പേരാണ് അണിചേർന്നത്. പ്രിയങ്കയ്ക്കുള്ള ഓരോ വോട്ടും ഇന്ദിരയ്ക്ക് എന്നവണ്ണമാണ് വയനാട്ടുകാർ കണ്ടത്. അതിന് ഉദാഹരണമാണ് പ്രിയങ്കാ ഗാന്ധിക്ക് വയനാട്ടുകാർ നൽകിയ വമ്പൻ ഭൂരിപക്ഷം.
ഇനി പാർലമെന്റിലാണ് പ്രിയങ്ക കരുത്ത് തെളിയിക്കേണ്ടത്. രാഹുൽ അയോഗ്യനാക്കപ്പെട്ട വേളയിൽ പാർട്ടിയുടെ കടിഞ്ഞാണും വരുന്ന തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചാൽ പ്രധാനമന്ത്രിപദവും വരേ പല നിരീക്ഷകരും പ്രിയങ്കയ്ക്ക് ചാർത്തി നൽകിയിരുന്നതാണ്. ഈ പ്രതീക്ഷകളെല്ലാ വച്ചുകൊണ്ടുതന്നെയായിരിക്കും വയനാട്ടുകാർ പാർലമെന്റിലെ അടുത്ത ഇന്ദിരയാവാൻ പ്രിയങ്കയെ അയച്ചത്.
ഇന്ദിരാഗാന്ധിയുടെ വേരുകൾ ഇപ്പോഴും ഇന്ത്യൻ പാർലമെന്റിൽ പച്ചയായി കിടപ്പുണ്ട്. പ്രിയങ്ക ഗാന്ധിയിലൂടെ അത് വീണ്ടും നാമ്പിട്ടിരിക്കുകയാണ്. ഇനി അതിന് കരുത്ത് പകരേണ്ടത് കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷമാണ്.
സ്വാഭാവികമായും ഗാന്ധി കുടുംബത്തിൽ നിന്ന് ഒരു വനിത ഇന്ദിരാ ഇമേജ് ഓടുകൂടി വീണ്ടും സഭയിൽ എത്തുമ്പോൾ അതിനെ അടിച്ചമർത്താൻ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കും. ആരോപണങ്ങളുടെയും അധിക്ഷേപങ്ങളുടെയും ഒരു കടലിനെ തന്നെ പ്രിയങ്ക നേരിടേണ്ടി വരും എന്ന് ഉറപ്പാണ്. ഇന്ദിരാഗാന്ധിയുടെ ദൃഢനിശ്ചയത്തിന്റെയും കരുത്തിന്റെയും ഒരു കണിക എങ്കിലും പ്രിയങ്കയിൽ ഉണ്ടെങ്കിൽ അതിനെയെല്ലാം നിഷ്പ്രയാസം അതിജീവിക്കാൻ അവർക്കു സാധിക്കും.
അങ്ങനെയെങ്കിൽ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ സഭയിൽ കോൺഗ്രസിനെ തിരികെ പ്രതാപത്തിൽ എത്തിക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചേക്കുമെന്ന് ഉറപ്പാണ്. എന്തായാലും പ്രിയങ്കയുടെ ഇന്ദിരാ ഇമേജ് മോദിയുടെ പ്രഭാവത്തിനു മുന്നിൽ വാഴുമോ വീഴുമോ എന്ന് വൈകാതെ കണ്ടറിയാം.