കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
Tuesday, October 1, 2024 3:28 PM IST
തിരുവനന്തപുരം: കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തമിഴ്നാട് തീരത്ത് (കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി) ബുധനാഴ്ച രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി തീരം, മാലിദ്വീപ് തീരം അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.