പാർലമെന്‍റ് തടസപ്പെടുത്തുന്ന അംഗങ്ങൾക്ക് ശന്പളം നൽകരുതെന്ന് ബിജെപി എംപി
Wednesday, March 21, 2018 1:40 PM IST
ന്യൂഡൽഹി: പാർലമെന്‍റ് നടപടികൾ തടസപ്പെടുത്തുന്ന അംഗങ്ങൾക്ക് വേതനം നൽകരുതെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി രംഗത്ത്. ബിജെപി എംപി മനോജ് തിവാരിയാണ് സ്പീക്കർക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്. തുടർച്ചയായ 13-ാം ദിവസവും വിവിധ കക്ഷികളുടെ ബഹളത്തെ തുടർന്ന് പാർലമെന്‍റ് നടപടികൾ തടസപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ബഹളമുണ്ടാക്കി സഭ തടസപ്പെടുത്തുന്ന അംഗങ്ങളുടെ ശന്പളം റദ്ദാക്കണമെന്ന് മനോജ് തിവാരി കത്തിലൂടെ സ്പീക്കറോട് ആവശ്യപ്പെട്ടത്.

നിയമ നിർമാണം നടത്തേണ്ട ജനപ്രതിനിധികൾ സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് പാർലമെന്‍റ് സ്തംഭനമെന്ന് മനോജ് തിവാരി പറഞ്ഞു. ജോലിയെടുക്കാത്തവർക്ക് ശന്പളം നൽകരുതെന്നാണ് തന്‍റെ നിലപാടെന്നും അദ്ദേഹം സ്പീക്കറെ അറിയിച്ചു.

അതേസമയം ബിജെപി എംപിയുടെ വാദം തള്ളി ടിആർഎസ് എംപി കെ.കവിത രംഗത്തെത്തി. കേന്ദ്ര സർക്കാർ അവരുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചാൽ എംപിമാർക്ക് പാർലമെന്‍റിൽ പ്രതിഷേധം നടത്തേണ്ട കാര്യമുണ്ടോ എന്നായിരുന്നു കവിതയുടെ പരിഹാസം. ഒരു പാർട്ടിയും എംപിമാരും പാർലമെന്‍റിനുള്ളിൽ പ്രതിഷേധം ഉയർത്താൻ ആഗ്രഹിക്കുന്നവരല്ല. എന്നാൽ സർക്കാർ സമീപനങ്ങൾ തെറ്റാകുന്പോൾ പ്രതിഷേധിക്കാൻ നിർബന്ധിതരാകുകയാണെന്നും കവിത ട്വിറ്ററിൽ കുറിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.