ആറളം ഫാമിൽ നിന്ന് സംരക്ഷിത മരങ്ങള്‍ മുറിച്ച് കടത്തി
Tuesday, October 1, 2024 10:06 PM IST
കണ്ണൂര്‍: കൈതക്കൃഷിക്കായി നിലമൊരുക്കാൻ എന്ന പേരിൽ ആറളം ഫാമിൽ നിന്ന് അനുമതി ഇല്ലാതെ 17 സംരക്ഷിത മരങ്ങൾ മുറിച്ചു കടത്തിയതായി പരാതി. ആറളം ഫാം അഞ്ചാം ബ്ലോക്കിലെ 1500 ഏക്കർ സ്ഥലം കൈതക്കൃഷിക്കായി പാട്ടത്തിന് കൊടുത്തിരുന്നു.
ഇവിടെയുണ്ടായിരുന്ന പാഴ്മരങ്ങൾ മുറിക്കാനാണ് ഇരിക്കൂറിലെ സ്വകാര്യവ്യക്തിക്ക് കരാർ നൽകിയത്. എന്നാൽ കരാറുകാരൻ ഇരൂൾ ഉൾപ്പെടെയുള്ള മരങ്ങളാണ് മുറിച്ച് കടത്തിയത്. സംഭവത്തിൽ കരാറുകാരനോട് വിശദീകരണം ആവശ്യപ്പെടുകയും അന്വേഷണത്തിനായി ഫാം സൂപ്രണ്ട് ഉൾപ്പെടെയുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ഫാം ഭരണസമിതി അന്വേഷണത്തിലും അനധികൃത മരംമുറി കണ്ടെത്തി. ഫാം ജീവനക്കാർ ജോലി കഴിഞ്ഞു പോയതിനു ശേഷമാണ് സംരക്ഷിത മരങ്ങൾ കരാറുകാർ മുറിച്ചത്. കരാറുകാരനെതിരെ ഫാം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകി.