നാസിക്കിൽ വൻ ആയുധ ശേഖരം പിടിച്ചു
Friday, December 15, 2017 2:22 AM IST
നാസിക്ക്: മഹാരാഷ്ട്രയിലെ നാസിക്കിൽ പോലീസ് വൻ ആയുധ ശേഖരം പിടിച്ചു. ആഗ്ര-മുംബൈ ഹൈവേയിലെ ചന്ദ് വാഡ് ടോൾ പ്ലാസയ്ക്ക് സമീപത്തു നിന്നും വാഹനത്തിനുള്ളിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്. 30 ഓളം വ്യത്യസ്ത ഇനത്തിൽ പെട്ട തോക്കുകളും 4,100 തിരകളും പിടിച്ചെടുത്തുവെന്ന് പോലീസ് അറിയിച്ചു.

ദേശീയപാതയിലെ പെട്രോൾ പന്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം ഡ്രൈവർ പണം നൽകാതെ ജീവനക്കാർക്ക് നേരെ തോക്കു ചൂണ്ടിയതാണ് ആയുധ വേട്ടയ്ക്ക് കാരണമായത്. ആയുധം കടത്തുകയായിരുന്ന ജീപ്പിന്‍റെ ഡ്രൈവർ തോക്കുചൂണ്ടി രക്ഷപെട്ടതോടെ പന്പ് ജീവനക്കാർ വിവരം പോലീസിൽ അറിയിച്ചു. പിന്നാലെ പോലീസ് ദേശീയ പാത ബാരിക്കേഡ് ഉപയോഗിച്ച് അടച്ച് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ജീപ്പ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ജീപ്പ് ഡ്രൈവർ ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഉത്തർപ്രദേശിലെ ഏതോ ആയുധ ഫാക്ടറിയിൽ നിന്നും തട്ടിയെടുത്ത തോക്കുകളാണിതെന്നാണ് പോലീസ് പ്രാഥമികമായി സംശയിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മഹാരാഷ്ട്ര പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...