മഥുര ട്രെയിൻ അപകടത്തിനു കാരണം മൊബൈൽ ഉപയോഗം
Thursday, September 28, 2023 6:04 PM IST
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തിൽ റെയിൽവേ ജീവനക്കാരന്റെ ഭാഗത്ത് നിന്നും സംഭവിച്ചത് ഗുരുതര വീഴ്ച. ജീവനക്കാരന് മൊബൈൽ ഉപയോഗിച്ചതാണ് അപകടത്തിലേക്ക് വഴിതെളിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ചൊവ്വാഴ്ചയാണ് മഥുര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ പാഞ്ഞുകയറി അപകടമുണ്ടായത്. ട്രെയിനിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലോക്കോ പൈലറ്റ് ഇറങ്ങിയ ശേഷം ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ക്യാബിൽ കയറുന്നത് വീഡിയോയിൽ കാണാം. ശേഷം തന്റെ ബാഗ് എഞ്ചിൻ ത്രോട്ടിലിൽ വയ്ക്കുന്നു. ബാഗിന്റെ സമ്മര്‍ദ്ദത്തില്‍ ത്രോട്ടില്‍ മുന്നോട്ട് നീങ്ങിയത് ശ്രദ്ധിക്കാതെ ജീവനക്കാരന് ഫോണില്‍ മുഴുകിയിരിക്കുന്നത് ദൃശ്യങ്ങളില്‍ ഉള്ളത്.
ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറിയപ്പോഴാണ് ജീവനക്കാരന് ശ്രദ്ധിക്കുന്നത്. ട്രെയിൻ നിർത്താൻ ജീവനക്കാരൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.