രോഹിത് ശർമയ്ക്ക് ഇരട്ട സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
Wednesday, December 13, 2017 5:19 AM IST
മൊഹാലി: ക്യാപ്റ്റൻ രോഹിത് ശർമയുടെ മൂന്നാം ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. 208 റണ്‍സോടെ പുറത്താകാതെ നിന്ന രോഹിതിന്‍റെ മികവിൽ ഇന്ത്യ 50 ഓവറിൽ നാല് വിക്കറ്റിന് 392 റണ്‍സ് നേടി. 153 പന്തിൽ 13 ഫോറും 12 സിക്സും ഉൾപ്പെട്ടതായിരുന്നു രോഹിതിന്‍റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ (88), ശിഖർ ധവാൻ (68) എന്നിവർ മികച്ച പിന്തുണ നൽകി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ശിഖർ ധവാൻ-രോഹിത് ശർമ സഖ്യം മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 115 റണ്‍സ് നേടി. ധവാൻ പുറത്തായ ശേഷം എത്തിയ ശ്രേയസ് അയ്യരും ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ രോഹിത്-ശ്രേയസ് സഖ്യം അടിച്ചുകൂട്ടിയത് 213 റണ്‍സ് 70 പന്തിൽ ഒൻപത് ഫോറും രണ്ടു സിക്സും പറത്തിയാണ് ശ്രേയസ് 88 റണ്‍സ് നേടിയത്. പിന്നാലെ എത്തിയ എം.എസ്.ധോണി ഏഴ് റണ്‍സിനും ഇന്നിംഗ്സിന്‍റെ അവസാന പന്തിൽ ഹർദിക് പാണ്ഡ്യ എട്ട് റണ്‍സിനും പുറത്തായി.

115 പന്തിൽ സെഞ്ചുറി നേടിയ രോഹിത് പിന്നീട് നേരിട്ട 38 പന്തിൽ അടിച്ചുകൂട്ടിയത് 108 റൺസാണ്. സെഞ്ചുറിക്ക് ശേഷം രോഹിത് നാല് ഫോറും 11 സിക്സും പറത്തി.

ലങ്കൻ നിരയിൽ നുവാൻ പ്രദീപാണ് ഏറ്റവും അധികം റൺസ് വഴങ്ങിയത്. 10 ഓവറിൽ പ്രദീപ് 106 റൺസ് വിട്ടുകൊടുത്തു. ക്യാപ്റ്റൻ തിസാര പെരേര എട്ട് ഓവറിൽ 80 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.