പെൻഷൻ പ്രായം കൂട്ടാൻ അനുവദിക്കില്ല: ചെന്നിത്തല
Wednesday, December 13, 2017 6:08 AM IST
തിരുവനന്തപുരം: പെൻഷൻ പ്രായം കൂട്ടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കൽ പ്രായം 58 ആയി ഉയർത്താനുള്ള നീക്കത്തിൽനിന്നു സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിനാൽ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുയാണെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പരിഹസിച്ചു.

ഇടതു സർക്കാരിന്‍റെ ഘടകവിരുദ്ധമായ നീക്കം ശരിയല്ല. പ്രതിപക്ഷത്ത് ഇരിക്കുന്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് ഇരിക്കുന്പോൾ മറ്റൊരു നിലപാടുമാണ് എൽഡിഎഫ് സ്വീകരിക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഇടതു സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ഇപ്പോഴും പങ്കാളിത്ത പെൻഷൻ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ചുഴിലിക്കാറ്റിനെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വേഗത കുറവാണ്. തീരദേശം കൊടുംപട്ടിണിയിലാണ്. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ റേഷൻ തട്ടിപ്പാണെന്നും ചുഴലിക്കാറ്റിൽ മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്ക് ഇതുവരെ കൊടുക്കാൻ സർക്കാരിനു സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ചുഴലിക്കാറ്റിനെ കേന്ദ്ര സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. നാശനഷ്ടം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്ന ധനസഹായം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...