ഒസാമ ബിൻ ലാദന്റെ മകൻ ഹംസ മരിച്ചിട്ടില്ല; അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തു?
Saturday, September 14, 2024 12:23 PM IST
കാബൂൾ: ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടില്ലെന്നും അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തതായും റിപ്പോർട്ട്.
2019ൽ അഫ്ഗാനിസ്ഥാനിൽ നടന്ന യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ അൽ-ഖ്വയ്ദയുടെ പുനരുജീവനത്തിൽ ഹംസ നിർണായക പങ്ക് വഹിക്കുകയാണെന്ന് ഇന്റലിജന്റ്സ് വിവരങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിൽ താലിബാനുമായി ചേർന്ന് പുതിയ പരിശീലന ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് ഹംസ മേൽനോട്ടം വഹിക്കുകയും പാശ്ചാത്യ രാജ്യങ്ങൾക്കെതിരേ ആക്രമണം നടത്താനുള്ള ശേഷി നേടാൻ ശ്രമിക്കുകയും ചെയ്യുകയാണെന്നും റിപ്പോർട്ടിലുണ്ട്.
ഹംസയുടെ സഹോദരൻ അബ്ദുല്ല ബിൻലാദനും അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് കരുതപ്പെടുന്നു. ലാദൻ കുടുംബത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു ഭീകരവംശം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹംസ ബിൻ ലാദനും നാല് ഭാര്യമാരും സിഐഎയിൽനിന്നു രക്ഷപ്പെടാൻ വർഷങ്ങളായി ഇറാനിൽ അഭയം പ്രാപിച്ചെന്നാണു കരുതുന്നത്. അഫ്ഗാനിസ്ഥാനിലെ യുഎസ് വ്യോമാക്രമണത്തിൽ ഒസാമ ബിൻ ലാദനൊപ്പം ഹംസ മരിച്ചതായി യുഎസ് അവകാശപ്പെട്ടെങ്കിലും മരണം സ്ഥിരീകരിക്കാൻ ഡിഎൻഎ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.