കഞ്ചാവ് കേസ് പ്രതി റോബിന്റെ പിതാവ് ആശുപത്രിയിൽ
Friday, September 29, 2023 2:00 PM IST
കോട്ടയം: കുമാരനെല്ലൂരിൽ നായ വിൽപ്പനയുടെയും പരിശീലനത്തിന്റെയും മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന പ്രതി റോബിൻ ജോർജിന്റെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറമ്പുഴ കൊശമറ്റം തെക്കുംതുണ്ടത്തില് ജോര്‍ജി (56) നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
റോബിൻ ഒളിവിൽ പോയതിന് പിന്നാലെ വിവരങ്ങൾ തിരക്കാൻ പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്ന ആളാണ് ജോർജ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പോലീസ് ബുധനാഴ്ച വൈകിട്ടാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
റോബിന്റെ ഇടപാടുകളെക്കുറിച്ചും ഒളിസങ്കേതം അറിയുന്നതിനും ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.