കൊയിലാണ്ടിയില്‍ പ്രതിയുടെ ആക്രമണം; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
Saturday, September 30, 2023 11:57 AM IST
കോഴിക്കോട്: കൊയിലാണ്ടി മാടക്കരയില്‍ പോലീസിന് നേരേ പ്രതിയുടെ ആക്രമണം. ഭര്‍ത്താവ് മര്‍ദിച്ചുവെന്നും തന്നെയും മക്കളെയും പുറത്താക്കിയെന്നുമുള്ള സ്ത്രീയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ എഎസ്ഐ വിനോദ് അടക്കം മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. വടികൊണ്ടുള്ള അടിയേറ്റ് വിനോദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അക്രമത്തിന് പിന്നാലെ പ്രതി അബ്ദുള്‍ റൗഫ് സ്വയം ഭിത്തിയില്‍ തലയിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഒന്‍പതിനാണ് സംഭവം. പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ഇയാള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
നേരത്തേ പല തവണ കഞ്ചാവ് കേസുകളില്‍ അടക്കം പ്രതിയായ ആളാണ് അബുദുള്‍ റൗഫ് എന്ന് പോലീസ് അറിയിച്ചു.