പണപ്പിരിവില്‍ തെറ്റില്ല, പ്രവാസികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിന്?: എ.കെ.ബാലന്
Friday, June 2, 2023 11:05 AM IST
തിരുവനന്തപുരം: അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിലെ പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്. സ്പോണ്സര്ഷിപ്പില് തെറ്റില്ലെന്ന് ബാലന് പറഞ്ഞു.
സമ്മേളനം നടത്താന്‍ ഖജനാവില്‍നിന്ന് പണമെടുക്കാന്‍ കഴിയില്ല. ലോക കേരള സഭയുടെ ആദ്യ സമ്മേളനം മുതല്‍ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നവര്‍ ഇതിന് മുമ്പ് സ്പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ കൂടെയിരിക്കാനാണ് 82 ലക്ഷം നല്‍കുന്നതെന്ന പ്രചാരണം അസംബന്ധമാണ്. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ കുടുംബസംഗമമാണിത്. പ്രവാസി മലയാളികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിനാണെന്നും ബാലൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പ്രതിപക്ഷം വിചാരിച്ചാല്‍ ഇകഴ്ത്താനാവില്ല. വിവാദത്തെ പ്രവാസികള്‍ പുച്ഛിച്ച് തള്ളും. കെപിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാനാണ് പ്രതിപക്ഷം വിവാദം ഉയര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിനായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് സംഘാടക സമിതി സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത്. ഗോള്ഡിന് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ), സില്‍വറിന് 50,000 ഡോളര്‍ (ഏകദേശം 41 ലക്ഷം രൂപ), ബ്രോണ്‍സിന് 25,000 ഡോളര്‍ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നല്‍കേണ്ട തുക.
വലിയ തുക സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്നവര്‍ക്ക് സമ്മേളന വേദിയില്‍ അംഗീകാരവും വിഐപികള്‍ക്ക് ഒപ്പം ഡിന്നര്‍ തുടങ്ങിയ വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്. ലോക കേരള സഭ സര്‍ക്കാര്‍ പരിപാടിയായിരിക്കെ സംഘാടക സമിതിയുടെ പേരില്‍ നടക്കുന്ന പണപ്പിരിവിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.