ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടത്തിലേക്ക് രാഹുലിനു വേണ്ടത് 11 റണ്‍സ്...
Saturday, July 19, 2025 11:55 PM IST
കെ.എല്‍. രാഹുല്‍; നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്റര്‍. അക്കാര്യത്തില്‍ രാഹുലിന്റെ കടുത്ത വിമര്‍ശകര്‍ക്കുപോലും മറുപക്ഷമില്ല. എന്നാല്‍, വിമര്‍ശകരുടെ വാദം കെ.എല്‍. രാഹുല്‍ റണ്‍സ് നേടുന്നതില്‍ പിശുക്കു കാണിക്കുന്നു എന്നത്.
2014ല്‍ ഓസ്ട്രേലിയയ്ക്ക് എതിരായ ബോക്സിംഗ് ഡേ (ഡിസംബര്‍ 26-30) പോരാട്ടത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയ രാഹുല്‍ ഇതുവരെ 4000 ക്ലബ്ബില്‍ എത്തിയിട്ടില്ല. 61 ടെസ്റ്റിലെ 107 ഇന്നിംഗ്സില്‍നിന്ന് 35.26 ശരാശരിയില്‍ 3632 റണ്‍സാണ് രാഹുലിനുള്ളത്.
എന്നാല്‍, നിലവില്‍ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ രാഹുല്‍ ആരാധകരുടെ വിമര്‍ശനത്തിനു ബാറ്റിംഗിലൂടെ മറുപടി നല്കിക്കൊണ്ടിരിക്കുന്നു. ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ഇന്ത്യ x ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റ് കഴിഞ്ഞപ്പോള്‍ 375 റണ്‍സ് രാഹുല്‍ സ്വന്തമാക്കി. രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കമാണിത്. ശരാശരി 62.50. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതില്‍ നാലാമതുണ്ട് രാഹുല്‍.
ഇംഗ്ലണ്ടില്‍ 1000ന്റെ വക്കില്‍
ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടത്തിലേക്ക് കെ.എല്‍. രാഹുലിനുള്ളത് വെറും 11 റണ്‍സിന്റെ അകലം മാത്രം. ഇംഗ്ലണ്ടില്‍ ഇതുവരെ കളിച്ച 12 ടെസ്റ്റിലെ 24 ഇന്നിംഗ്സില്‍നിന്ന് രാഹുല്‍ നേടിയത് 989 റണ്‍സ്. ശരാശരി 41.20. ഇംഗ്ലണ്ടില്‍ രാഹുല്‍ നാല് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്കോര്‍ 149.
23ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ്. നിലവിലെ ഫോം തുടര്‍ന്നാല്‍ ഇംഗ്ലീഷ് മണ്ണില്‍ 1000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടം മാഞ്ചസ്റ്ററില്‍ രാഹുല്‍ സ്വന്തമാക്കും.
സച്ചിന്, ദ്രാവിഡ്, ഗാവസ്കര്‍
മൂന്ന് ഇന്ത്യക്കാര്‍ മാത്രമാണ് ഇതുവരെ ഇംഗ്ലീഷ് മണ്ണില്‍ 1000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയത്; സച്ചിന് തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്കര്‍. ഇതില്‍ ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ളത് സച്ചിന് തെണ്ടുല്‍ക്കറിന്.
17 ടെസ്റ്റില്‍ 54.31 ശരാശരിയില്‍ 1575 റണ്‍സ്. രാഹുല്‍ ദ്രാവിഡ് 13 ടെസ്റ്റില്‍നിന്ന് 1376 റണ്‍സ് ഇംഗ്ലണ്ടില്‍ നേടിയിട്ടുണ്ട്. 68.80 ആണ് ദ്രാവിഡിന്റെ ശരാശരി. സുനില്‍ ഗാവസ്കര്‍ 16 ടെസ്റ്റില്‍ നിന്ന് 41.14 ശരാശരിയില്‍ 1152 റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന്, ദ്രാവിഡ്, ഗാവസ്കര്‍ എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ടിലെ 1000 ക്ലബ്ബിലേക്കുള്ള വഴിയിലാണ് കെ.എല്‍. രാഹുല്‍.
ടെക്നിക്ക് മാറ്റിയ രാഹുല്‍
ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിംഗ് സാങ്കേതിക ടെക്നിക്കില്‍ ചെറിയ മാറ്റംവരുത്തിയാണ് കെ.എല്‍. രാഹുല്‍ എത്തിയത്. നിലവില്‍ രാഹുലിന്റെ ഫ്രണ്ട് ഫൂട്ട് സ്റ്റാന്‍ഡ് കൂടുതല്‍ സ്ഥിരതയാര്‍ന്ന ബാറ്റിംഗിന് അനുകൂലമാണെന്ന് രവിശാസ്ത്രി ഐസിസി റിവ്യൂവില്‍ വെളിപ്പെടുത്തിയെന്നതും ശ്രദ്ധേയം.
ഫ്രണ്ട് ഫൂട്ടില്‍ അല്പം ഓപ്പണ്‍ ആയാണ് രാഹുലിന്റെ ഇപ്പോഴത്തെ സ്റ്റാന്‍ഡ്. ബാറ്റ് തുറസായി ഉപയോഗിക്കാന്‍ ഈ സ്റ്റാന്‍ഡില്‍ കഴിയുന്നു. മിഡ് വിക്കറ്റിലേക്ക് ഷോട്ട് എടുക്കുമ്പോള്‍പോലും ബാറ്റിന്റെ ബ്ലേഡ് (മുഖം) പൂര്‍ണമായി തുറന്നിരിക്കാന്‍ ഇതുസഹായിക്കുന്നു. ഈ ചെറിയ മാറ്റം മുമ്പത്തേപോലെ എല്‍ബിഡബ്ല്യു, ബൗള്‍ഡ് പുറത്താകലില്‍നിന്ന് രാഹുലിനെ മാറ്റിയിരിക്കുന്നതായും രവിശാസ്ത്രി നിരീക്ഷിച്ചു.
നിലവില്‍ രാഹുല്‍ അദ്ദേഹത്തിന്റെ മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്. അടുത്ത മൂന്ന്-നാല് വര്‍ഷം രാഹുല്‍ മികച്ച കളി കെട്ടഴിക്കുമെന്നും കെ.എൽ. രാഹുലിന്റെ ബാറ്റിംഗ് ശരാശരി 50ലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായും രവിശാസ്ത്രി കൂട്ടിച്ചേര്‍ത്തു.