ഏഷ്യന്‍ പുരുഷ അണ്ടര്‍ 16 വോളിയില്‍ ഇന്ത്യക്കു ചരിത്ര വെങ്കലം
Saturday, July 19, 2025 11:55 PM IST
നഖോണ്‍ പാത്തോം (തായ്ലന്ഡ്): ചരിത്രം കുറിച്ച് ഇന്ത്യയുടെ കൗമാര വോളിബോള്‍ സംഘം. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഏഷ്യന്‍ വോളിയില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ ആണ്‍കുട്ടികള്‍ അണ്ടര്‍ 16 ഏഷ്യന്‍ പോരാട്ടത്തില്‍ പങ്കെടുക്കുന്നതും മെഡല്‍ സ്വന്തമാക്കുന്നതും. സെമിയില്‍ പാക്കിസ്ഥാനു മുന്നില്‍ തലകുനിക്കേണ്ടിവന്ന ഇന്ത്യന്‍ കൗമരാസംഘം ജപ്പാനെയാണ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ കീഴടക്കിയത്. അഞ്ച് സെറ്റ് നീണ്ട ത്രില്ലറില്‍ 3-2നായിരുന്നു ഇന്ത്യയുടെ ജയം.
സ്കോര്‍: 25-21, 12-25, 25-23, 18-25, 15-10. ടൂര്‍ണമെന്റില്‍ നേരത്തേ ജപ്പാനോടേറ്റ തോല്‍വിക്കും ഇന്ത്യ ഇതോടെ കണക്കുതീര്‍ത്തു.
മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പ്ലേ ഓഫില്‍ ഇന്ത്യക്കായി അബ്ദുള്ള 16ഉം അപ്രതിം 15ഉം റഫീഖ് 12ഉം ചരണ്‍ നാലും പോയിന്റ് വീതം സ്വന്തമാക്കി.
2026 ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത
ഫെഡറേഷന് ഇന്റര്‍നാഷണല്‍ ഡെ വോളിബോള്‍ (എഫ്ഐവിബി) ആണ്‍കുട്ടികളുടെ അണ്ടര്‍ 17 ലോക ചാമ്പ്യന്‍ഷിപ്പിനും ഇതോടെ ഇന്ത്യ യോഗ്യത സ്വന്തമാക്കി.
ഉസ്ബക്കിസ്ഥാനെ 3-2നു കീഴടക്കി സെമിയില്‍ പ്രവേശിച്ചതോടെ ഇന്ത്യന്‍ കൗമാര സംഘം അണ്ടര്‍ 17 ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടിയിരുന്നു. ഇന്ത്യക്കു പുറമേ, പാക്കിസ്ഥാന്, ജപ്പാന്, ഇറാന് ടീമുകള്‍ക്കും ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത ലഭിച്ചു.
തായ്ലന്ഡ്, ഓസ്ട്രേലിയ, ചൈന ടീമുകളെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. തുടര്‍ന്ന് ക്രോസ് ഓവര്‍ പോരാട്ടത്തില്‍ ഉസ്ബക്കിസ്ഥാനെയും കീഴടക്കി. എന്നാല്‍, ജപ്പാനോട് പരാജയപ്പെട്ടതോടെ ഫൈനല്‍ ടിക്കറ്റിനായി പാക്കിസ്ഥാനെ ഇന്ത്യക്കു നേരിടേണ്ടിവന്നു.