മാഞ്ചസ്റ്ററില്‍ 3 ആശങ്ക...
Saturday, July 19, 2025 11:55 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിന് എതിരേ 23ന് ആരംഭിക്കാനിരിക്കുന്ന നാലാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ പ്രധാനമായും മൂന്ന് ആശങ്ക. അതില്‍ ആദ്യത്തേത്; മൂന്നാം നമ്പറില്‍ രണ്ടും മൂന്നും ടെസ്റ്റില്‍ ഇറങ്ങിയ കരുണ്‍ നായറിനെ മാറ്റിനിര്‍ത്തി, ആദ്യ ടെസ്റ്റില്‍ മൂന്നാമനായ സായ് സുദര്‍ശനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണോ...?
രണ്ടാമത്തെ ആശങ്ക; വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ധ്രുവ് ജുറെല്ലിനെ നിലനിര്‍ത്തുകയും ബാറ്ററായി ഋഷഭ് പന്തിനെ ഇറക്കുകയും ചെയ്യണമോ എന്നത്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിനിടെ പന്ത് കൊണ്ട് ഋഷഭ് പന്തിന്റെ വിരലിനു പരിക്കേറ്റിരുന്നു. തുടര്‍ന്ന് പന്തിനു പകരം ധ്രുവ് ജുറെലാണ് വിക്കറ്റിനു പിന്നിലെത്തിയത്. മാഞ്ചസ്റ്റര്‍ പോരാട്ടത്തിനു മുന്നോടിയായി ജുറെല്ലിനെ കൂടുതല്‍ വിക്കറ്റ് കീപ്പിംഗ് ഡ്രില്‍സ് നല്‍കുന്നുണ്ട് എന്നതും ശ്രദ്ധേയം.
മൂന്നാമത്തെ ആശങ്ക; പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് നാലാം ടെസ്റ്റില്‍ വിശ്രമം നല്‍കണോ അതോ അഞ്ചില്‍ മതിയോ എന്നതാണ്. ലോഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റ് 14നാണ് അവസാനിച്ചത്. നാലാം ടെസ്റ്റിനു മുമ്പ് എട്ട് ദിവസത്തെ ഇടവേള ലഭിച്ചു.
ഇതിനിടെ പേസര്‍ അര്‍ഷദീപ് സിംഗിന് പരിശീലനത്തിനിടെ ചെറിയ പരിക്കേറ്റതും ഇന്ത്യന്‍ ക്യാമ്പിന്റെ ആശങ്കയാണ്. പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് വിവരം. മാഞ്ചസ്റ്ററിലേത് പേസിനെ തുണയ്ക്കുന്ന പിച്ചായിരിക്കും എന്നാണ് സൂചന. ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. നിലവില്‍ 2-1ന് ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.
മാഞ്ചസ്റ്ററില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യക്കു പരമ്പര നഷ്ടമാകും. അതുകൊണ്ട് ജയിക്കാനുള്ള എല്ലാ തന്ത്രങ്ങളുമായായിരിക്കും ടീം ഇന്ത്യ ഇറങ്ങുക.