സുരക്ഷയ്ക്ക് ഓപ്പറേഷൻ സെന്റിനെല്ലെ
Sunday, July 21, 2024 12:27 AM IST
പാരീസ്: 2024 പാരീസ് ഒളിന്പിക്സിന്റെ സുരക്ഷ ഫ്രഞ്ച് സായുധസേനയുടെ ഓപ്പറേഷൻ സെന്റിനെല്ലെയുടെ കീഴിൽ. ഭീകരാക്രമണം ഉൾപ്പെടെയുള്ള ഭീഷണിക്കിടെയാണ് പാരീസ് ഒളിന്പിക്സ് അരങ്ങേറുക.
ഒളിന്പിക്സ് എന്നത് ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാണെന്നതിനാലാണ് സായുധ സേനയെ നേരിട്ട് വിന്യസിക്കുന്നത് എന്നതാണ് വാസ്തവം.
ഓപ്പറേഷൻ സെന്റിനെല്ലെയുടെ ഭാഗമായി 15,000 സൈനികരെയാണ് വിന്യസിക്കുന്നത്. ഗതാഗതം, ഗെയിംസിലേക്കുള്ള പ്രധാന വഴികൾ എല്ലാം ഇവരുടെ സംരക്ഷണനയിലാണ്.
2015ലെ തീവ്രവാദ ആക്രമണങ്ങൾക്കുശേഷം പ്രമുഖ ഫ്രഞ്ച് കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനാണ് സെന്റിനെല്ലെ സേന സൃഷ്ടിച്ചത്. അതിനുശേഷം പാരീസിൽ സായുധ സേനയ്ക്കെതിരെ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നതും വാസ്തവം.
ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന ഒളിന്പിക്സിനായി പാരീസ് നഗരത്തിൽ മാത്രം പ്രതിദിനം 30,000 പോലീസുകാരെയാണ് വിന്യസിക്കുന്നത്. സെയ്ൻ നദിയിലെ ഉദ്ഘാടന ചടങ്ങിനായി 45,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക.
2012 ലണ്ടൻ ഒളിന്പിക്സ് സമയത്ത്, സ്വകാര്യ സുരക്ഷാ കന്പനിയായ ജി4എസ് മതിയായ സ്വകാര്യ സുരക്ഷാ ഗാർഡുകളെ നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ ഗെയിംസ് ആരംഭിക്കുന്നതിന് മുന്പ് ബ്രിട്ടീഷ് സർക്കാരിന് 3,000 അധിക സൈനികരെ വിന്യസിക്കേണ്ടിവന്നിരുന്നു.