പാക്കിസ്ഥാൻ പുറത്ത്; യുഎസ്എ അകത്ത്
Saturday, June 15, 2024 12:28 AM IST
ഫ്ളോറിഡ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പാക്കിസ്ഥാൻ പുറത്ത്. ഗ്രൂപ്പ് എയിൽ അമേരിക്കയും അയർലൻഡും തമ്മിലുള്ള മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണിത്.
പാക്കിസ്ഥാൻ പുറത്തായതിനൊപ്പം അമേരിക്ക സൂപ്പർ എട്ടിൽ പ്രവേശിക്കുകയും ചെയ്തു. ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് നേടിയാണ് അമേരിക്ക സൂപ്പർ എട്ടിൽ പ്രവേശിച്ചത്.
ട്വന്റി-20 ലോകകപ്പിൽ ആദ്യമായാണ് അമേരിക്ക പങ്കെടുക്കുന്നത്. സഹ ആതിഥേയർ എന്ന നിലയിലായിരുന്നു അമേരിക്ക ലോകകപ്പിന് എത്തിയത്. അയർലൻഡിനോട് അമേരിക്ക പരാജയപ്പെട്ടാൽ മാത്രമേ പാക്കിസ്ഥാന് സൂപ്പർ എട്ടിൽ പ്രവേശിക്കാനുള്ള സാധ്യത ഉണ്ടായിരുന്നിള്ളൂ. അമേരിക്കയ്ക്ക് എതിരായ മത്സരത്തിൽ സൂപ്പർ ഓവറിൽ പരാജയപ്പെട്ടതാണ് പാക്കിസ്ഥാന് ഏറ്റവും വലിയ തിരിച്ചടിയായത്.