പോഗ്ബയ്ക്ക് നാലു വർഷം വിലക്ക്
Friday, March 1, 2024 12:19 AM IST
മിലാൻ: ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ട ഫ്രഞ്ച് ഫുട്ബോളർ പോൾ പോഗ്ബയെ നാല് വർഷം വിലക്കി ഉത്തരവ് ഇറങ്ങി. പോഗ്ബയുടെ കരിയർ അവസാനിക്കുന്ന വിലക്കാണ് വീണിരിക്കുന്നത്.
ഇറ്റാലിയൻ സീരി എ ക്ലബ്ബായ യുവന്റസിനുവേണ്ടിയാണ് പോഗ്ബ കളിച്ചിരുന്നത്. 2023 ഓഗസ്റ്റ് 20ന് ഉഡിനെസിന് എതിരായ മത്സരത്തിനിടെയാണ് പോഗ്ബ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത്. അന്ന് കളത്തിൽ ഇറങ്ങിയില്ലെങ്കിലും പോഗ്ബ സൈഡ് ബെഞ്ചിൽ ഉണ്ടായിരുന്നു.
ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ ട്രിബ്യൂണൽ കഴിഞ്ഞ സെപ്റ്റംബറിൽ പോഗ്ബയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതേസമയം, രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയെ പോഗ്ബ സമീപിക്കുമെന്ന് റിപ്പോർട്ടുണ്ട്.